കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ ഉദ്യാനത്തിനു സമീപം ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു വൻ തീപിടിത്തം. ഇന്നലെ വൈകിട്ട് ഏഴേകാലോടെ ഉണ്ടായ തീപിടിത്തത്തിൽ ഏക്കർ കണക്കിനു സ്ഥലത്തെ പുല്ലും അടിക്കാടുകളും കത്തിനശിച്ചു.വകുപ്പിന്റെ അധീനതയിൽ പിച്ചളമുണ്ട ഭാഗത്താണ് തീ ആദ്യം കണ്ടത്. കാറ്റു വീശിയതോടെ വൻ ഉയരത്തിലും വേഗത്തിലും ആളിപ്പടർന്ന തീ നിയന്ത്രണമില്ലാതെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു.
മണ്ണാർക്കാട് അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചെങ്കിലും ഒരു ഭാഗം കനാലും മറുഭാഗം വകുപ്പിന്റെ തന്നെ വലിയ മതിലുമായതിനാൽ സേനയ്ക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. പൊതുജനങ്ങൾക്കും പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു.രാത്രി ഏറെ വൈകിയും തീ കത്തുന്നുണ്ടെങ്കിലും വലിയ തോതിലല്ല. ഇതിനിടെ 5 ഏക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തിനശിച്ചു.
കാഞ്ഞിരപ്പുഴ ഉദ്യാന വികസനത്തിനായി കണ്ടെത്തിയ സ്ഥലത്താണു തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനും വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു തീപിടിത്തം ഉണ്ടായിരുന്നു. മുറിച്ചിട്ട മരത്തടികൾ അന്നു കത്തി നശിച്ചു.