കൊല്ലങ്കോട് ∙ പാർട്ടി പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ നേതാവും ദീർഘകാലം പാർട്ടിയെ നയിച്ച നേതാവും അടുത്തടുത്ത സമയങ്ങളിൽ ജീവിതത്തിൽ നിന്നു വിട പറഞ്ഞതു സിപിഎം അണികളെ മാത്രമല്ല, നാട്ടുകാരെയും വേദനയിലാക്കി. ചൊവ്വാഴ്ച വൈകിട്ടു കൊല്ലങ്കോട് അയ്യപ്പൻകാവിനു മുൻവശത്ത് കേന്ദ്രബജറ്റിനെതിരെയുള്ള സിഐടിയു പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഎം കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിയായിരുന്ന ആനമാറിയിൽ ആർ.വിജയകുമാർ(52), മുതലമട പഞ്ചായത്തിൽ ദീർഘകാലം ജനപ്രതിനിധിയും പാർട്ടിയുടെ പ്രധാന നേതാവുമായിരുന്ന മുൻ പഞ്ചായത്ത് അധ്യക്ഷൻ മുതലമട ഓനൂർപള്ളത്ത് എ.കണ്ടമുത്തൻ(78) എന്നിവരാണു ഇന്നലെ രാവിലെ മരിച്ചത്.
മുതലമട പഞ്ചായത്ത് അധ്യക്ഷൻ, ഉപാധ്യക്ഷൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എ.കണ്ടമുത്തൻ. നിലവിൽ സിപിഎം മുതലമട ലോക്കൽ കമ്മിറ്റി അംഗമായ എ.കണ്ടമുത്തൻ ലോക്കൽ സെക്രട്ടറി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം, എൻആർഇജിഎസ് തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മക്കൾ: മുരളീധരൻ, മുകുന്ദൻ(വനം വകുപ്പ്), രജനി. മരുമക്കൾ: പ്രസാദ് (എസ്എസ്ബി, പൊലീസ്, പാലക്കാട്), സമുജസ സുനിത. സഹോദരി: സത്യഭാമ.
കൊല്ലങ്കോട് പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയിൽ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ആർ.വിജയകുമാർ സിപിഎമ്മിന്റെ കൊല്ലങ്കോട് ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ താടനാറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കേരള ബാങ്കിലെ താൽക്കാലിക ജീവനക്കാരനാണ്. ഭാര്യ: മല്ലിക. മക്കൾ: സർഗ, ഭവത്. സഹോദരങ്ങൾ: ചന്ദ്രൻ, രവീന്ദ്രൻ, മണികണ്ഠൻ.
ഇരുവർക്കും അന്തിമോപചാരം അർപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം എസ്.സുഭാഷ് ചന്ദ്രബോസ്, നിതിൻ കണിച്ചേരി, ഏരിയ സെക്രട്ടറിമാരായ കെ.പ്രേമൻ, ആർ.ശിവപ്രകാശ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ആർ.ചിന്നക്കുട്ടൻ എന്നിവരെത്തി.