ADVERTISEMENT

പാലക്കാട് ∙ കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചു കൊതിപ്പിച്ച ലക്കിടി  റെയിൽവേ മേൽപ്പാലം പദ്ധതിയിൽ ഇതുവരെ നടന്നത് എഴുത്തുകുത്തും മണ്ണുപരിശോധനയും  മാത്രം. ഈ ബജറ്റിലാകട്ടെ പാലത്തെക്കുറിച്ച് മിണ്ടാട്ടമില്ല.   റെയിൽവേയുടെ അനുമതിക്ക് അപേക്ഷിക്കാൻ പോലും  സാങ്കേതിക നടപടികൾ ഏറെയുള്ള  പാലം നിർമാണ കാര്യത്തിൽ ഗൗരവമായ സമീപനം സംസ്ഥാന സർക്കാരിനില്ല. ഈ വിഷയത്തിൽ റെയിൽവേയുമായി ഔദ്യോഗികമായ ചർച്ച പോലും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും ആക്ഷേപം ഉണ്ട്. 

പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയിൽ മേൽപ്പാലം വേണമെന്നു ദീർഘകാലമായി ഉയരുന്ന ആവശ്യമാണ്. 2021 ലെ ബജറ്റിൽ തുക പ്രഖ്യാപിച്ച ശേഷം പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം സ്ഥലപരിശോധനയും പ്രാഥമിക പഠനവും നടത്തി.  തൃശൂർ ജില്ലയിൽനിർദിഷ്ട മേൽപ്പാലം അവസാനിക്കുന്ന ഭാഗത്ത് ഭാരതപ്പുഴയ്ക്കു കുറുകെ നിലവിലുള്ള ലക്കിടി പാലമാണ് ഉള്ളത്. പാലത്തിന്റെ മധ്യഭാഗത്ത് മേൽപ്പാലം അവസാനിപ്പിക്കാൻ കഴിയില്ലെന്നതിനാൽ നിലവിലെ പാലത്തിന് അപ്പുറത്തു വേണം  അവസാനിക്കാൻ. അതുകൊണ്ടു തന്നെ കുറഞ്ഞത് 800 മീറ്ററെങ്കിലും നീളം വേണ്ടി വരും പാലത്തിന്. അതു കൊണ്ടുതന്നെ മറ്റു പാലങ്ങളെക്കാൾ ചെലവു കൂടുതലാകും.  മറ്റ് ഏതെങ്കിലും അലൈൻമെന്റ് നോക്കുകയാണെങ്കിൽ ഭൂമിയെടുപ്പും വേണ്ടി വരും. 

ലക്കിടിയിലെ റെയിൽവേ ഗേറ്റ് വർഷങ്ങൾക്കു മുൻപ് കേന്ദ്രസർക്കാർ ഡിപ്പൊസിറ്റ് സ്കീമി‍ൽ അനുവദിച്ചതാണ്. സംസ്ഥാനസർക്കാർ പ്രത്യേക അഭ്യർഥന പ്രകാരം റെയിൽവേയ്ക്ക് പണം കെട്ടിവച്ചതിനെത്തുടർന്നാണു റെയിൽവേ ഗേറ്റ് അനുവദിച്ചത്.  ഇത്തരം സ്ഥലങ്ങളിൽ മേൽപ്പാലം നിർമിക്കാൻ കേന്ദ്രസർക്കാർ പണം നൽകില്ല. പൂർണമായും സംസ്ഥാനം തന്നെ ചെലവ് വഹിക്കണം.  പദ്ധതിക്കായി അനുമതി തേടുന്നതിനു പോലും നടപടിക്രമങ്ങൾ ഏറെയാണ്. നിർമാണത്തിന്  മാത്രമല്ല അനുമതി തേടുന്ന സമയത്തുപോലും പദ്ധതിയുടെ ഒരു വിഹിതം ഡിപ്പൊസിറ്റായി റെയിൽവേ മന്ത്രാലയത്തിൽ സംസ്ഥാന സർക്കാർ കെട്ടിവയ്ക്കണം.

ലക്കിടി റെയിൽവേ മേൽപ്പാലം പദ്ധതി ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്നറിയിച്ച് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ–റെയിൽ കോർപറേഷൻ ) പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗത്തിനു  പലതവണ കത്തയച്ചെങ്കിലും  പലതിനും മറുപടി പോലും കിട്ടിയില്ല. ബജറ്റ് പ്രഖ്യാപനം വന്നയുടനെ താത്പര്യം അറിയിച്ച് വകുപ്പിന് അയച്ച കത്തിന് മറുപടി കിട്ടിയില്ല.  തുടർന്ന് മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചപ്പോൾ നിർമാണം കോർപറേഷനെ  ഏൽപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചു. തുടർന്ന്  പദ്ധതിയെക്കുറിച്ച് പഠനം നടത്തിയ ശേഷം കോർപറേഷൻ തയാറാക്കിയ പദ്ധതി രേഖ പൊതുമരാമത്ത് വകുപ്പിന് പരിശോധനയ്ക്ക് അയച്ചു. 

മറ്റൊരു ഏജൻസിയുടെ രേഖകൾ പ്രത്യേക നിർദേശമില്ലാതെ പരിശോധിക്കില്ലെന്നായിരുന്നു വകുപ്പിന്റെ മറുപടി. നിർമാണച്ചെലവു കൂടുതലാകുമെന്നതിനാൽ റെയിൽവേ മേൽപ്പാലവും പുഴപ്പാലവും രണ്ട് പദ്ധതിയായി നടപ്പാക്കാമെന്നും റെയിൽവേ പാലം കോർപറേഷനെ ഏൽപ്പിക്കാമെന്നും നിർ‍ദേശം വന്നു.   എന്നാൽ രണ്ടു പദ്ധതിയായി നടപ്പാക്കേണ്ടതില്ലെന്നും ഒറ്റ പദ്ധതിയായി ഏതെങ്കിലും ഒരു ഏജൻസി നടപ്പാക്കണമെന്നുമായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. 

പൊതുമരാമത്ത് വകുപ്പ് താൽപര്യമെടുക്കുന്നില്ലെങ്കിലും അനുമതി ലഭിച്ചാൽ ഉടൻ തന്നെ തങ്ങൾ തുടർനടപടി സ്വീകരിക്കാൻ ഒരുക്കമാണെന്നാണ് കോർപറേഷൻ പറയുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com