ADVERTISEMENT

ഒറ്റപ്പാലം ∙ മനിശ്ശേരി ആറംകുളം പ്രദേശത്തു പുരയിടങ്ങളും കൃഷിയിടങ്ങളും‍ ഉൾപ്പെടെയുള്ള 52 ഏക്കർ മിച്ചഭൂമിയാക്കി ലാൻഡ് ബോർഡിന്റെ ഉത്തരവ്. ഒരു വർഷത്തിലേറെ പഴക്കമുള്ള ഉത്തരവു മൂലം നിരപരാധികളായ നൂറിലേറെ കുടുംബങ്ങൾ കുടിയിറക്കു ഭീഷണി നേരിടുകയാണ്.ഭൂപരിഷ്കരണ നിയമത്തിന്റെ തുടർച്ചയായി 1973ൽ സർക്കാർ തുടങ്ങിവച്ച മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസ് തുടരുന്ന വിവരം അറിയാതെ സ്ഥലം വാങ്ങി വീടുവച്ചവരും കൃഷിയിടങ്ങൾ വാങ്ങിയവരുമാണ് ഇരുട്ടടി കിട്ടിയ അവസ്ഥയിൽ കഴിയുന്നത്. താലൂക്ക് ലാൻഡ് ബോർഡാണ് ഇതു മിച്ചഭൂമിയാണെന്നു തീർപ്പാക്കിയത്. നികുതി വാങ്ങുന്നതു സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. 

മിച്ചഭൂമിക്കേസിനും 1977ലെ പുനഃപരിശോധനാ ഹർജിയുടെ ഭാഗമായുണ്ടായ നടപടികൾക്കുമിടയിൽ ഇവിടെ സ്ഥലം വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ സർക്കാരിന്റെ തടസ്സമുണ്ടായിരുന്നില്ല. നികുതി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ വാങ്ങിയവർക്കു വീടുവയ്ക്കാനുള്ള അനുമതി നൽകിയതും സർക്കാർ തന്നെയാണ്. ജനവാസ മേഖലയെന്ന നിലയിൽ വൈദ്യുതി ലൈനുകളും റോഡുകളും പൈപ്‌ലൈനുകളുമൊക്കെ വന്നപ്പോഴും തർക്കം ഉയർന്നിരുന്നില്ല. താലൂക്ക് ലാൻഡ് ബോർഡ് 2021 നവംബർ 30 നു പുറപ്പെടുവിച്ച ഉത്തരവിനു പിന്നാലെയാണു നികുതി അടയ്ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. 

മിച്ചഭൂമിയെന്നു തീർപ്പു കൽപിച്ച ഭൂമി 7 ദിവസത്തിനകം തഹസിൽദാർ ഏറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ തിടുക്കപ്പെട്ട നടപടികൾ ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസം. പക്ഷേ, ഭൂമിയുമായി ബന്ധപ്പെട്ട നടപടികളൊന്നും സാധ്യമല്ല.ഭൂപരിഷ്കരണത്തിനു മുൻപ് ഈ ഭൂമിയുടെ ജന്മിയായിരുന്ന വരിക്കുമാഞ്ചേരി മന കുടുംബാംഗത്തിന് 1977ൽ നൽകിയ ഇളവുകൾ ലംഘിക്കപ്പെട്ടെന്നും 1964നു മുൻപു കുടിയായ്മ ഉണ്ടായിരുന്നെന്നു തെളിയിക്കാൻ ജന്മിക്കോ കൈവശക്കാർക്കോ കഴിഞ്ഞിട്ടില്ലെന്നുമാണു ലാൻഡ് ബോർഡിന്റെ നടപടിക്രമങ്ങളിൽ പറയുന്നത്.

അതേസമയം, ഈ ഭൂമി 1960-61-62 കാലങ്ങളിൽ കുടിയാന്മാർക്കു വാക്കാൽ അവകാശം കൊടുത്തതാണെന്ന് 1977ൽ പുനഃപരിശോധനാ ഹർജി പരിഗണിച്ച ഘ‌ട്ടത്തിൽ സ്പെഷൽ ഡപ്യൂട്ടി തഹസിൽദാർ ആർഡിഒയ്ക്കു സമർപ്പിച്ച റിപ്പോർട്ടിൽ പരാമര്‍ശിച്ചിരുന്നു.

സർക്കാർ പറയുന്നു; ഭൂമി ഇവരുടേതല്ല

ഒറ്റപ്പാലം∙ ഭൂപരിഷ്കരണ നിയമം ന‌ടപ്പാക്കിയ കാലത്തെ ജന്മി ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിൽനിന്നു വാക്കാൽ കരാർ പ്രകാരം ഭൂമിയുടെ കൈവശാവകാശം ലഭിച്ചവരെന്നു പറയപ്പെടുന്ന കുടിയാന്മാരിൽ പലരും മൺമറഞ്ഞു പോയി. കാലക്രമേണ അനന്തരാവകാശത്തിലൂടെയും കൈമാറ്റങ്ങളിലുടെയും കൈമാറിയ സ്ഥലങ്ങൾ‍ ഈയിടെ‍, മിച്ചഭൂമിയായി പ്രഖ്യാപിച്ചു-മനിശ്ശേരി ആറംകുളം പ്രദേശത്ത് 52 ഏക്കർ സ്ഥലത്തുള്ള നൂറിലേറെ ഭൂവുടമകൾ ഇപ്പോൾ നേരിടുന്ന അസാധാരണമായ പ്രതിസന്ധിയും കടുത്ത ആശങ്കയും ഇതാണ്.

നാൾ വഴികൾ

∙ 1973– 1973ലാണു മിച്ചഭൂമിക്കേസ് തുടങ്ങുന്നത്. 1977ൽ ഇതു മിച്ചഭൂമിയായി ഉത്തരവായി.

∙ 1977– പുനഃപരിശോധനാ ഹർജിയുടെ ഭാഗമായി പരിശോധനയ്ക്കു ചുമതലപ്പെടുത്തിയ സ്പെഷൽ ഡപ്യൂട്ടി തഹസിൽദാർ 1977 ഡിസംബർ 15നു സമർപ്പിച്ച റിപ്പോർട്ടിൽ, 1960 മുതൽ 63വരെയുള്ള കാലയളവിൽ 8പേർക്ക് വിവിധ അളവുകളിലായി വാക്കാൽ കരാർ പ്രകാരം സ്ഥലം കൊടുത്തിട്ടുണ്ടെന്നും അന്നു മുതൽ അവരുടെ കൈവശത്തിലാണെന്നും പരാമർശമുണ്ട്. ഇതിൽ 4 പേർ അവരുടെ കൈവശാവകാശം തെളിയിക്കുന്നതിനുള്ള രസീതുകൾ ഹാജരാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട‌്.

∙ 1978– സ്പെഷൽ ഡപ്യൂട്ടി തഹസിൽദാരുടെ റിപ്പോർട്ട് ഉൾപ്പെടെ പരിഗണിച്ച് 1978ൽ താലൂക്ക് ലാൻ‍ഡ് ബോർഡ് അന്നത്തെ കൈവശക്കാരുടെ അവകാശം അംഗീകരിച്ചു നൽകിയ ഉത്തരവിൽ ‘വളർത്തുകാട്’ (സ്വകാര്യ വനം) എന്ന വിഭാഗം എന്നു പറഞ്ഞ് മിച്ചഭൂമിയിൽനിന്ന് ഒഴിവാക്കി. ഇളവു ലഭിച്ച ഭൂമിയെന്ന നിലയിൽ കൈവശക്കാരുടെ അവകാശത്തെയും കൈവശത്തെയും ബാധിക്കുന്നില്ലെന്നും അതു കൊണ്ടു കുടിയായ്മ നിശ്ചയിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

∙ 2003- 2021: വളർത്തുകാട് എന്ന പരിഗണനയിൽ നൽകിയ ഇളവു ദുരുപയോഗം ചെയ്ത് ഭൂമി തരം മാറ്റി പ്ലോട്ടുകളായി മാറ്റുകയും ഒട്ടേറെ വീടുകൾ നിർമിക്കുകയും ചെയ്തെന്ന പേരിൽ 2003ൽ സർക്കാർ സ്വമേധയാ പുനരന്വേഷണം തുടങ്ങി. തുടർന്നു താലൂക്ക് ലാൻഡ് ബോർഡ് 2021 നവംബറിൽ ഇതു മിച്ചഭൂമിയായി പ്രഖ്യാപിച്ചു.

നടപടിക്രമങ്ങളുടെ ഭാഗമായി 2019ൽ സ്പെഷൽ ഡപ്യൂട്ടി തഹസിൽദാർ നൽകിയിരുന്ന റിപ്പോർട്ട് പ്രകാരം 122 പേരുടെ കൈവശത്തിലുള്ള ഭൂമിയാണ് മിച്ചഭൂമിയായി കണക്കാക്കിയിട്ടുള്ളത്. അതേസമയം, കേസിൽ കൈവശക്കാരെ കക്ഷിചേർക്കാതെയാണു നടപടിയുണ്ടായതെന്ന് പ്രതിസന്ധി നേരിടുന്നവർ പറയുന്നു. പാലക്കാട് സ്വദേശി സേതുമാധവൻ അദ്ദേഹത്തിന്റെ കൈവശത്തിലുണ്ടായിരുന്ന സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവു വാങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com