ADVERTISEMENT

പാലക്കാട് ∙ മെമു ഷെഡ് വിപുലീകരണം പൂർത്തിയാകുന്നതോടെ പാലക്കാട് കേന്ദ്രീകരിച്ചു വന്ദേഭാരത് എക്സ്പ്രസുകൾ ഓടിക്കാൻ സൗകര്യമൊരുങ്ങുന്നു. നിർദിഷ്ട കോയമ്പത്തൂർ– ബെംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതിന് തടസ്സമായി ഉന്നയിക്കപ്പെടുന്ന അടിസ്ഥാന സൗകര്യമില്ലായ്മയും ഇതോടെ പരിഹരിക്കപ്പെടും. പാലക്കാട്ടെ മെമു ഷെഡ് ഇപ്പോൾ വിപുലീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.മെമു റേക്കുമായി ഏറെ സാദൃശ്യമുള്ളതാണു വന്ദേഭാരത് എക്സ്പ്രസിന്റെ കാറുകളും. അത്യാവശ്യ സൗകര്യങ്ങൾ കൂട്ടിയാൽ മെമു ഷെഡിൽ തന്നെ ഇതിന്റെ അറ്റകുറ്റപ്പണികളും നടത്താനാവും. 

ഡൽഹിയിലെ ഒരു മെമു ഷെഡ് വിപുലീകരിച്ചാണു രാജ്യത്തെ ആദ്യത്തെ വന്ദേഭാരതിന് സൗകര്യമൊരുക്കിയത്. ട്രെയിൻ അറ്റകുറ്റപ്പണിക്കു പിറ്റ്‌ലൈൻ ഇല്ല എന്ന കാരണം ഉന്നയിച്ചാണു ബെംഗളൂരു–കോയമ്പത്തൂർ ഡബിൾ ഡെക്കർ എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടാനുള്ള നീക്കത്തെ റെയിൽവേ ചീഫ് ഓപ്പറേഷൻസ് മാനേജർ തടഞ്ഞത്. വിപുലീകരിച്ച മെമു ഷെഡുകളിൽ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം വരുന്നതോടെ ഈ കുറവും പരിഹരിക്കപ്പെടും.

ആഴ്ചയിൽ അഞ്ചു ദിവസം മാത്രം കോഴിക്കോട്ടേക്കു നീട്ടുകയും ഒരു ദിവസം പാലക്കാട്ടു സർവീസ് അവസാനിപ്പിക്കുകയും ചെയ്യുക വഴി വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾ ഇവിടെത്തന്നെ നടത്താനാവും. ആ ഒരു ദിവസം പണികൾ നടത്തി തൊട്ടടുത്ത ദിവസം പാലക്കാട്ടു നിന്ന് പുറപ്പെടുന്ന തരത്തിൽ സർവീസ് ക്രമീകരിക്കുകയുമാവാം. കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചാൽ മുഴുവൻ കേരളത്തിനും അത് ഉപയോഗപ്രദമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കോഴിക്കോട്ടു നിന്നു ബെംഗളൂരുവിലേക്കുള്ള 555 കിലോമീറ്റർ ഓടിയെത്താൻ വന്ദേഭാരതിന്റെ വേഗമനുസരിച്ച് ഏഴു മണിക്കൂർ മതി. രാവിലെ അഞ്ചിനു പുറപ്പെട്ടാൽ രാത്രി ഒൻപതിനു കോഴിക്കോട്ട് തിരിച്ചെത്തുന്ന തരത്തിൽ ക്രമീകരിക്കാനാവും.  തിരുവനന്തപുരം മേഖലയിൽ നിന്നുള്ളവർക്ക് അമൃത എക്സ്പ്രസും മംഗളൂരു ഭാഗത്തുള്ളവർക്കു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസും ഇതിന്റെ കണക്‌ഷൻ ട്രെയിനുകളാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com