മലമ്പുഴ ∙ 2018ലെ പ്രളയത്തിൽ തകർന്ന വാരണിപ്പാലത്തിനു പകരം അതേ സ്ഥലത്തു പുതിയ പാലം നിർമിക്കാനാകുമോ എന്നു പിഡബ്ല്യുഡി ഡിസൈൻ വിഭാഗം പരിശോധിച്ചു വരികയാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിന്റെ നടപടികൾ വേഗത്തിലാക്കും.
ഡിസൈൻ ലഭ്യമാകുന്നതോടെ തുടർ നടപടി സ്വീകരിക്കും. ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലത്തിന്റെ നിർമാണം സാധ്യമാക്കാനാകുമോ എന്നു പരിശോധിക്കുന്നതായും മന്ത്രി അറിയിച്ചു.പാലം തകർന്നതോടെ ജനങ്ങളുടെയും വിദ്യാർഥികളുടെയും ദുരിതാവസ്ഥയെക്കുറിച്ച് എ.പ്രഭാകരൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാരണിപ്പാലം നിർമാണത്തിൽ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കി എന്തു ചെയ്യാനാകുമെന്നു പരിശോധിക്കുമെന്നും ജില്ലയിലെ റോഡുകളുടെ സ്ഥിതി വിശദീകരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി.മലമ്പുഴ പുഴയ്ക്കു കുറുകെയുള്ള വാരണിപ്പാലത്തിന്റെ തൂണുകളിലൊന്ന് 2018 ലെ പ്രളയത്തിലാണു തകർന്നത്.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഈ ഭാഗം അറ്റകുറ്റപ്പണി നടത്തി നേരെയാക്കിയെങ്കിലും താമസിയാതെ അടുത്ത തൂണും തകർന്നു. ഇതോടെ പാലം വഴിയുള്ള ബസ് ഗതാഗതം പൂർണമായും നിലച്ചു. വിദ്യാർഥികളടക്കമുള്ളവർ ഏറെദൂരം ചുറ്റിവളഞ്ഞു വേണം സഞ്ചരിക്കാൻ.
12 കോടി വേണം
നിലവിൽ ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിലാണു പാലം ഉള്ളത്. 100 മീറ്റർ നീളമുള്ള പാലം പുനർ നിർമിക്കണമെങ്കിൽ 12 കോടി രൂപ വേണമെന്നാണു പ്രാഥമിക റിപ്പോർട്ട്.ഇരുവശത്തും കുറച്ചു കൂടി സ്ഥലം കണ്ടെത്തിയാൽ പാലം വീതി കുട്ടി പുനർ നിർമിക്കാനാകും. ഫണ്ട് കണ്ടെത്തലാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.