ADVERTISEMENT

പാലക്കാട് ∙ മേലാമുറി മാർക്കറ്റിനു സമീപം പട്ടാണിത്തെരുവ് റോഡിൽ പാർക്ക് പരിസരത്തു നിന്നു പടർന്ന തീയിൽ ആൾ താമസമില്ലാത്ത വീട് ഭാഗികമായി കത്തി നശിച്ചു. ജനവാസ മേഖലയിലെ തീപിടിത്തം ഭീതിപരത്തിയെങ്കിലും അഗ്നിരക്ഷാ സേന  എത്തി തീകെടുത്തി. ഇതേ സ്ഥലത്ത് ഇന്നലെ രണ്ടു തവണ തീപിടിത്തം ഉണ്ടായി. ഉച്ചയോടെ ഉണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന എത്തി കെടുത്തിയിരുന്നു. 

പിന്നീട് വൈകിട്ടും തീ പിടിച്ചു. ഇതോടെയാണു തൊട്ടടുത്ത വലിയ ഓട്ടുപുരയിലേക്കും തീ പടർന്നത്. വീടിന്റെ പിൻഭാഗം പൂർണമായും കത്തി നശിച്ചു. പാർക്കിനു സമീപമുള്ള തൊടിയി‍ൽ ഉണങ്ങി നിന്നിരുന്ന കുറ്റിക്കാടും തീപിടിത്തത്തിന് ആക്കം കൂട്ടി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എഫ്.വിജയകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണു തീകെടുത്തിയത്. 

തീപിടിത്ത സാധ്യത ഒഴിവാക്കണം 

വീട്ടുപരിസരങ്ങളിലെ തീപിടിത്ത സാധ്യത ഇല്ലാതാക്കാൻ ഉണങ്ങിയ കുറ്റിക്കാടുകളും മാലിന്യവും നീക്കണമെന്ന് അഗ്നിരക്ഷാ സേനയുടെ കർശന മുന്നറിയിപ്പ്. തീപടരാൻ പാകത്തിൽ വീടിനോടും സ്ഥാപനങ്ങളോടും ചേർന്നു കിടക്കുന്ന കാടുപടലങ്ങൾ നീക്കണമെന്ന നിർദേശം പല കാരണങ്ങളാൽ പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തിൽ തദ്ദേശ, റവന്യു വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് അഗ്നിരക്ഷാ സേന നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. പലയിടത്തും കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥർ ആരെന്നു പരിസരവാസികൾക്കുപോലും അറിയില്ല.

സേനയ്ക്ക് വഴി കാട്ടണം

അഗ്നിരക്ഷാസേനയെ സഹായത്തിനു വിളിക്കുമ്പോൾ കൃത്യമായി വഴി പറഞ്ഞുകൊടുക്കണം. ഫോൺ നമ്പറും നൽകണം. പ്രധാന റോഡിൽ നിന്നു തിരിയുന്നിടത്തു വഴി കാണിക്കാനായി ഒരാളെ നിർത്തണമെന്നു ആവശ്യപ്പെടാറുണ്ടെങ്കിലും പലപ്പോഴും ഇതു പാലിക്കാറില്ല. ഇതോടെ അഗ്നിരക്ഷാ സേന വഴിമാറിപ്പോകുന്ന സംഭവങ്ങളും ഉണ്ട്. പോക്കറ്റ് റോഡുകളിലും മറ്റും പെട്ടുപോയാൽ വാഹനം തിരിക്കാൻ പോലും സാധിക്കില്ല. ഒപ്പം രക്ഷാപ്രവർത്തനവും വൈകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com