പട്ടാമ്പി നഗരസഭ ബജറ്റ്: പുന്നശ്ശേരി നീലകണ്ഠ ശർമയ്ക്കു പ്രതിമ; ഇഎംഎസ് സാംസ്കാരികനിലയം നിർമിക്കാൻ 50 ലക്ഷം

pattampi-budget
പട്ടാമ്പി നഗരസഭയിൽ ഉപാധ്യക്ഷൻ ടി.പി.ഷാജി ബജറ്റ് അവതരിപ്പിക്കുന്നു.
SHARE

പട്ടാമ്പി ∙ ഇഎംഎസ് സാംസ്കാരികനിലയത്തിനും പുന്നശ്ശേരി നീലകണ്ഠ ശർമയുടെ പ്രതിമ നിർമാണത്തിനും നഗരസഭ ബജറ്റിൽ തുക വകയിരുത്തി. 76, 29,99,656 രൂപ വരവും 72,41,24,921 രൂപ ചെലവും 3,88,74,735 രൂപ മിച്ചവും വരുന്ന ബജറ്റ് ആണു നഗരസഭ ഉപാധ്യക്ഷൻ ടി.പി.ഷാജി അവതരിപ്പിച്ചത്. നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്കൃത ആചാര്യനും പട്ടാമ്പി ഗവ.സംസ്കൃത കോളജ് സ്ഥാപകനുമായ പുന്നശ്ശേരി നീലകണ്ഠ ശർമയുടെ സ്മരണ നിലനിർത്താൻ കോളജ് അങ്കണത്തിൽ പുന്നശ്ശേരി നീലകണ്ഠ ശർമയുടെ പ്രതിമ നിർമിക്കാൻ 5,00,000 രൂപയും പട്ടാമ്പിയുടെ ജനപ്രതിനിധിയും മുഖ്യമന്ത്രിയായിരുന്ന ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ സ്മരണ നിലനിർത്താൻ ഇഎംഎസ് സാംസ്കാരികനിലയം  നിർമാണത്തിന് 50 ലക്ഷം രൂപയും ബജറ്റിലുണ്ട്. 

പട്ടാമ്പി നഗരത്തിലേക്കുളള പ്രവേശന കവാടങ്ങൾ എൽഇഡി വാൾ സൗകര്യത്തോടെ 50,00,000 രൂപ ചെലവിൽ നിർമിക്കും. നഗരസഭ സെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വിജയകുമാർ, എൻ.രാജൻ, പി.കെ. കവിത, പി.ആനന്ദവല്ലി, നഗരസഭ കൗൺസിലർമാരായ സി.എ.സാജിത്, കെ.ആർ.നാരായണ സ്വാമി, എ.സുരേഷ്, സി.സംഗീത എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബജറ്റിൽ തുക നീക്കി വച്ച മറ്റു പ്രധാന പദ്ധതികളും തുകയും:

∙വാട്ടർ കിയോസ്ക് 50 ലക്ഷം
∙ആയുർവേദ ആശുപത്രി ആരംഭിക്കാൻ 2 കോടി രൂപ
∙ ശങ്കരമംഗലം സ്റ്റേഡിയം ഫ്ലഡ് ലിറ്റ് ഗ്രൗണ്ട് ആക്കാൻ 20 ലക്ഷം രൂപ
∙ കൊടലൂർ ഗ്രൗണ്ട് ഫ്ലഡ് ലിറ്റ് ഗ്രൗണ്ട് ആക്കാൻ 15 ലക്ഷം രൂപ
∙ ഉമിക്കുന്ന് ഗ്രൗണ്ടിനു 10 ലക്ഷം രൂപ
∙ പട്ടാമ്പി ഹൈസ്കൂൾ ഇൻഡോർ ബാസ്കറ്റ് ബോൾ കോർട്ടിന് 20 ലക്ഷം രൂപ
∙ നഗരസഭയിലെ 26ാം വാർഡിലെ പുതിയ ഹെൽത്ത് സെന്ററിനും നഗരസഭയിലെ മറ്റു 2 ഹെൽത്ത് സെന്ററുകൾക്കുമായി 2 കോടി രൂപ
∙ പട്ടാമ്പി ജിയുപി സ്കൂൾ ചുറ്റുമതിൽ ഉൾപ്പെടെ 1 കോടി രൂപ
∙ ജിഎംഎൽപി സ്കൂളിൽ പഴയ കെട്ടിടം നവീകരിച്ചു ബഡ്സ് സ്കൂൾ ആരംഭിക്കാൻ 10 ലക്ഷം രൂപ
∙ ബൈപാസ് റോഡിന് 25 ലക്ഷം രൂപ

∙ മത്സ്യ മാർക്കറ്റിനു സ്ഥലം വാങ്ങാൻ 50 ലക്ഷം രൂപ
∙ നിലവിലുളള മാർക്കറ്റ് ശീതീകരണ സംവിധാനത്തോടെ വിപുലീകരിക്കാൻ 25 ലക്ഷം രൂപ
∙ നഗരത്തിലെ സ്ട്രീറ്റ് ലൈറ്റ് വിപുലീകരണം - 5 ലക്ഷം രൂപ
∙ പന്തക്കൽ അങ്കണവാടിക്കു സ്ഥലം വാങ്ങാൻ 5 ലക്ഷം രൂപ
∙ നിളയോരം പാർക്ക് 2 -ാം ഘട്ടം നമ്പ്രം പ്രദേശത്തേക്ക് വ്യാപിക്കാൻ 25 ലക്ഷം രൂപ
∙നഗര സൗന്ദര്യവൽക്കരണം - 10 ലക്ഷം രൂപ
∙എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായി മെൻസ്ട്രൽ കപ്പ് നൽകാൻ 20 ലക്ഷം രൂപ.
∙ പട്ടികജാതി/പട്ടിക വർഗത്തിൽപെട്ട യുവജനങ്ങൾക്കു ബാൻഡ് സെറ്റ്/ചെണ്ട തുടങ്ങി വാദ്യോപകരണങ്ങൾ ട്രൂപ്പുകൾക്ക് അല്ലെങ്കിൽ സമിതികൾക്ക് 5% തുക ഗുണഭോക്തൃ വിഹിതമായി അടച്ചാൽ ഉപകരണങ്ങൾ വാങ്ങി നൽകാൻ 15 ലക്ഷം രൂപ.

ബജറ്റ് മുൻകാല പ്രഖ്യാപനങ്ങളുടെ ആവർത്തനം:യുഡിഎഫ്

നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് മുൻകാല പ്രഖ്യാപനങ്ങളുടെ ആവർത്തനങ്ങൾ മാത്രമാണെന്നു യുഡിഎഫ് നേതാക്കളായ സി.എ.സാജിതും കെ.ആർ.നാരായണ സ്വാമിയും കുറ്റപ്പെടുത്തി. 2022-23 വർഷം പ്രഖ്യാപിച്ച 116 കോടിയുടെ ബജറ്റിൽ 25 ശതമാനം പോലും നടപ്പാക്കാതെയാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ബജറ്റുകളിലെ പ്രധാന പ്രഖ്യാപനങ്ങളായ മോഡേൺ റീടെയ്ൽ ഫിഷ് മാർക്കറ്റ്, ഹോൾസെയിൽ ഫിഷ് മാർക്കറ്റ്, കൾചറൽ സെന്റർ, ബഡ്സ് സ്കൂൾ, പൊതുശ്മശാനം, നഗര സൗന്ദര്യവൽക്കരണം, പുതിയ ഗ്രൗണ്ടിനു സ്ഥലം വാങ്ങൽ, ഗ്രൗണ്ട് നവീകരണം, നിളയോരം പാർക്ക് തുടങ്ങിയവ തന്നെയാണ് ഈ ബജറ്റിലെയും പ്രധാന പ്രഖ്യാപനങ്ങൾ.

കഴിഞ്ഞ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായ ഭൂരഹിതർക്ക് ഫ്ലാറ്റ് നിർമാണം, പുതിയ ബസ് സ്റ്റാൻഡ് നിർമാണം, ഓപ്പൺ ജിം, കാഴ്ച പരിമിതർക്കുള്ള സ്പർശനോദ്യാനം, വ്യവസായ പാർക്ക്, അന്തിച്ചന്ത, ഹാങ്ങിങ് ബ്രിജ്, വഴിയോരക്കച്ചവട പുനരധിവാസം, ടർഫ് നിർമാണം, നീന്തൽ പരിശീലനം, ഭാരതപ്പുഴ സംരക്ഷണം, ഇൻഡോർ ഷട്ടിൽ കോർട്ട്, ടൗൺ ഹാൾ, ഓപ്പൺ ഓഡിറ്റോറിയം, ആധുനിക അറവുശാല തുടങ്ങിയ പദ്ധതികളൊന്നും നടപ്പാക്കാനോ തുടങ്ങി വയ്ക്കാനോ കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ നടപ്പിലാക്കാനും ജനങ്ങൾക്കു കൊടുത്ത വാക്ക് പാലിക്കാനും ഭരണാധികാരികൾ ഇഛാശക്തി കാണിക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കാനും ഗ്രാമീണ റോഡുകളുടെ നവീകരണം ഉറപ്പു വരുത്താനാവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്നും ഭവനരഹിതരായ പിഎംഎവൈ ലൈഫ് ഗുണഭോക്താക്കൾക്കു നൽകാനുള്ള നഗരസഭാ, സർക്കാർ വിഹിതങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് നഗരസഭാ പാർട്ടി ലീഡർ സി.എ.സാജിത്, കോൺഗ്രസ് നഗരസഭാ പാർട്ടി ലീഡർ കെ.ആർ.നാരായണസ്വാമി, കൗൺസിലർമാരായ സി.സംഗീത, സി.എ.റാസി, കെ.ബഷീർ, സൈതലവി വടക്കേതിൽ, മുനീറ ഉനൈസ്, മുസ്തഫ പറമ്പിൽ, പ്രമീള ചോലയിൽ, അർഷ അശോകൻ, ലബീബ യൂസഫ് എന്നിവർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS