ADVERTISEMENT

പാലക്കാട്∙ ‘വനവും ആരോഗ്യവും’ എന്നതാണ് ഈ വർഷത്തെ ലോക വനദിന സന്ദേശം. വനങ്ങൾ വെള്ളം ശുദ്ധീകരിക്കാനും വായു ശുദ്ധമാക്കാനും ഉൾപ്പെടെ ആവശ്യമാണെന്നു വ്യക്തമാക്കുന്നതോടൊപ്പം  ആരോഗ്യ സംരക്ഷണത്തിൽ എത്ര പങ്ക് വഹിക്കുന്നുണ്ടെന്നു കൂടി ഓർമപ്പെടുത്തുകയാണ് ഇതുവഴി.വനത്തിനും മരത്തിനും വേണ്ടി പോരാടാൻ ലോകം പഠിച്ച പാഠങ്ങളിലൊന്നു പാലക്കാട്ടു നിന്നാണ്. ഒരു മഴക്കാടിനു വേണ്ടി ഇന്ത്യയിലെ പ്രകൃതിസ്‌നേഹികളും എഴുത്തുകാരും നാട്ടുകാരും ഒന്നിച്ച സൈലന്റ് വാലി പ്രക്ഷോഭത്തിലൂടെ വനങ്ങളുടെയും പുഴകളുടെയും സംരക്ഷണത്തെക്കുറിച്ചുള്ള  പുതിയ അധ്യായത്തിന്റെ തുടക്കമായി. നിത്യഹരിത വനങ്ങളും അർധ നിത്യഹരിത വനങ്ങളും ഇലപൊഴിയും വനങ്ങളും കൊണ്ട് സമൃദ്ധമാണ് ജില്ല. വനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ തുടക്കം കുറിച്ച ചില മാതൃകകൾ. 

മാതൃകയാണ്,വനാമൃതം പദ്ധതി

forest-food-saftty
വനവിഭവങ്ങൾ വനസംരക്ഷണ സമിതിയിൽ എത്തിക്കുന്നവർ.

വനത്തിലെ അപൂർവയിനം ഔഷധങ്ങൾ ശേഖരിച്ച് ഔഷധ നിർമാണത്തിനു നൽകുന്ന വനാമൃതം പദ്ധതി സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് മണ്ണാർക്കാടാണ്. വനവിഭവങ്ങൾക്ക് കൂടുതൽ വിലയും ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാർക്കാട് വനം ഡിവിഷൻ വനവികസന ഏജൻസിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉൾവനത്തിൽ നിന്ന് ഉൾപ്പെടെയുള്ള ഔഷധ സസ്യങ്ങളാണ് ആദിവാസികൾ ശേഖരിച്ച് വനസംരക്ഷണ സമിതിയിലെത്തിക്കുന്നത്. കുറുന്തോട്ടി, ഓരില, മൂവില, ചുണ്ട, തിപ്പല്ലി, പാടവേര്,  നന്നാരി, ചെറുതേക്ക് തുടങ്ങിയ ഔഷധങ്ങളാണ് ശേഖരിക്കുന്നത്.

ഇത്തരത്തിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ അതത് വനസംരക്ഷണ സമിതികളിൽ എത്തിക്കും. വനം വകുപ്പ് ബിഎഫ്ഒമാരാണ് വനസരക്ഷണ സമിതികളുടെ സെക്രട്ടറിമാർ.  കടുകുമണ്ണ, സാമ്പാർക്കോട്, ധാന്യം, പൊട്ടിക്കൽ, മൂലക്കൊമ്പ്, മേലേചാവടിയൂർ തുടങ്ങിയ വനസംരക്ഷണ സമിതികളിൽ നിന്നായി 8592 കിലോ വനവിഭവങ്ങൾ ഇതിനകം വിൽപന നടത്തി. ഈ വർഷം 35000 കിലോ വനവിഭവങ്ങൾ ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്. ഗോത്രവർഗങ്ങളെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ പദ്ധതിക്ക് കഴിഞ്ഞതായി മണ്ണാർക്കാട് ഡിഎഫ്ഒ എം.കെ.സുർജിത് പറഞ്ഞു.

പാലക്കാടിന്റെ നിശ്ശബ്ദ താഴ്​വര

അഞ്ചുകോടി വർഷംകൊണ്ടു രൂപപ്പെട്ടതാണ് സൈലന്റ്‌വാലി നിത്യഹരിത നിബിഡ വനം. ഇവിടെ കൂടുതലായി ഉള്ളതു മഴക്കാടുകളാണ്.   ഈ നിശ്ശബ്‌ദ താഴ്‌വരയെക്കുറിച്ചു 1970കൾക്കു മുൻപ് ശാസ്‌ത്രലോകത്തിനു വ്യക്‌തമായ അറിവില്ലായിരുന്നു. വിദേശ ജന്തുശാസ്‌ത്രജ്‌ഞരായ സ്‌റ്റീവൻ ഗ്രീൻ, മിനോവ്‌സ്‌കി എന്നിവർ സിംഹവാലൻ കുരങ്ങുകളെക്കുറിച്ചു പഠിക്കാനായി ഇവിടെയെത്തി. ഇവർ നടത്തിയ കണ്ടെത്തലുകൾ പുറത്തുവന്നതോടെ ലോകം ഈ താഴ്​വരയെ ശ്രദ്ധിച്ചുതുടങ്ങി.

സൈലന്റ് വാലിയിൽ കുന്തിപ്പുഴക്ക് കുറുകെ അണക്കെട്ട് നിർമിച്ച് വൈദ്യുതി ഉണ്ടാക്കാമെന്ന പദ്ധതിയായിരുന്നു സർക്കാരിന്. 1973ൽ  സൈരന്ധ്രിയിൽ 522 മെഗാ യൂണിറ്റ് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള കെഎസ്ഇബി നിർദേശത്തിന് പ്ലാനിങ് കമ്മിഷന്റെ അനുമതി ലഭിച്ചു. പദ്ധതി നിലവിൽ വന്നാൽ അപൂർവ ഇനം സസ്യങ്ങളും ജീവികളും ഉൾപ്പെടെയുള്ളവ നശിക്കുമെന്നു പരിസ്‌ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. ലോകത്തെ അത്യപൂർവമായ മഴക്കാടുകൾ നിലനിർത്താൻ വേണ്ടി ഒരുസംഘം നാട്ടുകാരും പ്രകൃതി സ്‌നേഹികളും എഴുത്തുകാരും ശാസ്‌ത്രജ്‌ഞരും ഊണും ഉറക്കവും കളഞ്ഞു 

കോടതി കയറി. കേരള നാച്വറൽ ഹിസ്‌റ്ററി സൊസൈറ്റി, ഇന്ത്യൻ സയൻസ് കോൺഗ്രസ്, മുംബൈ നാച്വറൽ ഹിസ്‌റ്ററി സൊസൈറ്റി, കേരള ശാസ്‌ത്രസാഹിത്യ പരിഷത് തുടങ്ങിയ സംഘടനകളും രംഗത്തെത്തി. അങ്ങനെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായി സൈലന്റ്‌വാലി പ്രസ്‌ഥാനം. പരിസ്ഥിതി പ്രവർത്തകരുടെ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈലന്റ് വാലി പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.

ശിരുവാണിക്കാട്ടിലെ വെള്ളം ഊരുകളിലെത്തും

ശിരുവാണിക്കാട്ടിലെ കാട്ടരുവികളും നീരുറവകളുമാണ് അട്ടപ്പാടിയുടെ ദാഹം തീർക്കുന്നത്. അഗളി, ഷോളയൂർ പഞ്ചായത്തുകളിൽ പകുതിയോളം വീടുകളിലേക്കാണ് പമ്പും മോട്ടറുമില്ലാതെ വെള്ളം കുഴൽവഴിയെത്തുന്നത്. മുത്തിക്കുളം സംരക്ഷിത വനത്തിലുൾപ്പെട്ട തുമ്പപ്പാറയിലെ കാട്ടരുവിയാണ് അഗളി ശുദ്ധജല പദ്ധതിയുടെ പ്രധാന സ്രോതസ്സ്.അരുവിയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്താതെ നിർമിച്ച ചെറിയ തടയണയിൽ സ്ഥാപിച്ച ഒരു അടി വ്യാസമുള്ള കുഴൽ വഴിയാണ് അഗളിയിലെ സംഭരണിയിലേക്ക് വെള്ളമെത്തുന്നത്.

16 കിലോമീറ്റർ യന്ത്രസഹായമില്ലാതെ ഒഴുകിയെത്തുന്ന വെള്ളം 15 ഊരുകളിലേക്കും മുവായിരത്തോളം വീടുകളിലേക്കുമെത്തും. കോഴിക്കൂടം-പെട്ടിക്കൽ-കുറവൻപാടി പദ്ധതിയുടെ സ്രോതസ്സിന്റെ സമൃദ്ധിയും കാടിനെ ആശ്രയിച്ച് തന്നെ. ഷോളയൂർ മുതൽ കടമ്പാറ വരെയുള്ള ആയിരത്തോളം കുടുംബങ്ങൾക്ക് വെള്ളമെത്തുന്നത് വരടിമലയിലെ തലകാണിയമ്മൻ അരുവിയിൽ നിന്നാണ്. ഷോളയൂരിന്റെ പ്രധാന ദാഹശമനിയാണ് ഈ കാട്ടരുവി. കാട് വരണ്ടാൽ,കാട്ടിൽ തീ കണ്ടാൽ അട്ടപ്പാടിക്കാർക്ക് ആധിയാണ്. കിണറുകളും കുളങ്ങളും ജലാശയങ്ങളും കുറവായ പ്രദേശത്ത് ശുദ്ധജലത്തിനും കാടാണ് ആശ്രയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com