ADVERTISEMENT

പാലക്കാട് ∙ കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനായി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വേസ്റ്റ്–ടു എനർജി പദ്ധതിക്കായി  ക‍ഞ്ചിക്കോട് ന്യൂ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയയിൽ 11 ഏക്കർ ഭൂമി കരാർ കമ്പനിക്കു പാട്ടത്തിനു കൈമാറി. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂപ്ലാനറ്റ് എൻവയൺമെന്റൽ സൊല്യൂഷൻസ് എന്ന കമ്പനിയാണ് ടെൻഡർ നേടിയത്. പ്ലാന്റ് നിർമിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെ  വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും അനുമതി ലഭിച്ചിട്ടുണ്ട്. 140 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി സർക്കാർ–സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. സർക്കാരിനു വേണ്ടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) ആണ്  ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. 

ജില്ലയിലെ ഏഴു നഗരസഭകളിലെയും 22 പഞ്ചായത്തുകളിലെയും മാലിന്യം പൂർണമായി ശേഖരിച്ച് പ്രതിദിനം 200 ടൺ മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുക.മുംബൈ ആസ്ഥാനമായ ഓർഗാനിക് റീസൈക്ലിങ്  സിസ്റ്റംസ് കമ്പനിയാണ് സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത്. ജൈവ മാലിന്യത്തെ വാതകവും വളവുമായി മാറ്റുകയാണു ചെയ്യുക. മാലിന്യം സംസ്കരിച്ചുണ്ടാക്കുന്ന കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി ) സിഎൻജിക്ക് തുല്യമായ ഗുണങ്ങളുള്ളതാണ്.  പാചകത്തിനും, വാഹനങ്ങളിൽ ഇന്ധനമായും, ചെറുകിട വ്യാവസായിക ആവശ്യങ്ങൾക്കും സിബിജി ഉപയോഗിക്കാം. 

ഉപോൽപന്നമായി ജൈവവളവും ഉണ്ടാകും. കൊല്ലം കോർപറേഷനു കീഴിൽ കുരീപ്പുഴയിലെ ഒരു ലക്ഷം ചതുരശ്രമീറ്ററിലുണ്ടായിരുന്ന ലെഗസി മാലിന്യം ബയോമൈനിങ് പ്രക്രിയയിലൂടെ പൂർണമായി നീക്കം ചെയ്തത് ബ്ലൂപ്ലാനറ്റ് ഗ്രൂപ്പ് കമ്പനിയായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊല്യൂഷൻസ് ആണ്. കണ്ണൂരിലെ വേസ്റ്റ്-റ്റു-എനർജി പ്ലാൻറിനുള്ള ടെൻഡർ നേടിയിരിക്കുന്നതും ഇതേ കമ്പനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com