ADVERTISEMENT

ചിറ്റിലഞ്ചേരി∙ പോത്തുണ്ടി സമ്പൂർണ ശുദ്ധജല വിതരണത്തിനുള്ള പ്രധാന പൈപ്പ് ലൈൻ ചിറ്റിലഞ്ചേരി–ഉങ്ങിൻചുവട് പാതയിൽ സ്ഥാപിക്കാനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു. ഇതോടെ മേലാർകോട് പഞ്ചായത്തിലെ ആയിരക്കണക്കിനു കുടുംബങ്ങൾക്ക് ഉടൻ തന്നെ പോത്തുണ്ടി പദ്ധതിയിൽ നിന്നുള്ള വെള്ളം ലഭിച്ചു തുടങ്ങും. ചിറ്റിലഞ്ചേരി മുതൽ ഉങ്ങിൻചുവട് വരെയുള്ള ഭാഗങ്ങളിൽ ചിലയിടങ്ങളിൽ മുൻപ് തന്നെ പൈപ്പ് സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള 960 മീറ്റർ ദൂരത്തിലാണ് 300 എംഎം ന്റെ ഡിഎ പൈപ്പുകൾ സ്ഥാപിക്കുന്നത്. 

പാതയുടെ നിർമാണം പൂർത്തിയായിട്ട് 3 വർഷമേ ആയിട്ടുള്ളൂ. അതിനാൽ പരമാവധി സ്ഥലങ്ങളിൽ പാത പൊളിക്കാതെ അരികിൽ ചാലെടുത്താണ് പൈപ്പ് സ്ഥാപിക്കൽ. വീതി കുറവുള്ള ഒന്നോ രണ്ടോ സ്ഥലങ്ങളിൽ പാത പൊളിക്കേണ്ട സ്ഥിതിയും വരും. പാത പൊളിക്കുന്നതിനായി ജൽജീവൻ മിഷൻ 21 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിൽ അടച്ചിട്ടുണ്ട്. പ്രധാന പൈപ്പ് ലൈൻ സ്ഥാപിച്ചില്ലെങ്കിലും ഉൾപ്രദേശങ്ങളിലേക്കുള്ള പൈപ്പ് ലൈനുകൾ ഇടുന്നതും വീടുകളിലേക്കുള്ള കണക്‌ഷനുകൾ കൊടുക്കുന്ന പണിയും രണ്ട് വർഷം മുൻപ് തന്നെ പൂർത്തീകരിച്ചിരുന്നു. പോത്തുണ്ടിയിൽ നിന്നു വെള്ളം പമ്പ് ചെയ്ത് കടമ്പിടി ഭരതമലയിൽ സ്ഥാപിച്ച ജലസംഭരണിയിലേക്കെത്തിച്ച് അതിൽ നിന്നാണ് പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.

ചിറ്റിലഞ്ചേരി, കാത്താംപൊറ്റ, പള്ളിക്കാട് മേഖലകളിലേക്ക് മാസങ്ങൾക്കു മുൻപ് തന്നെ സംഭരണിയിൽ നിന്നു ജലവിതരണം തുടങ്ങിയിരുന്നു. എന്നാൽ ചിറ്റിലഞ്ചേരി മുതൽ ഉങ്ങിൻചുവട് വരെ പൈപ്പ് ലൈൻ സ്ഥാപിക്കാത്തതു മൂലം ഈ പ്രദേശങ്ങളിലേക്കും മേലാർകോട്, ചേരാമംഗലം പ്രദേശങ്ങളിലേക്കും ജലവിതരണം ആരംഭിക്കാൻ കഴിഞ്ഞില്ല. ചിറ്റിലഞ്ചേരി–തൃപ്പാളൂർ റോഡിന്റെ നവീകരണം കഴിഞ്ഞതിനാൽ അത് പൊളിക്കാൻ പൊതുമരാമത്തു വകുപ്പ് അനുമതി നൽകാതിരുന്നതോടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ സാധിക്കാതിരുന്നത്. 2020 മാർച്ചിലാണ് പാതയുടെ പണി പൂർത്തീകരിച്ചത്. ഇപ്പോൾ 3 വർഷം കഴിഞ്ഞതോടെ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകുകയായിരുന്നു. ചെറുനെട്ടൂരി ക്ഷേത്രം വരെ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്നുള്ള ഭാഗങ്ങളിൽ പൈപ്പുകൾ സ്ഥാപിക്കാനായി പാതയുടെ പല ഭാഗങ്ങളിലായി നൂറുകണക്കിനു പൈപ്പുകളാണ് കൊണ്ടിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com