ADVERTISEMENT

പാലക്കാട് ∙ കൽമണ്ഡപത്ത് വീട്ടമ്മയെ ആക്രമിച്ച് അലമാര കുത്തിത്തുറന്നു 57 പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്ന കേസിൽ മുഖ്യപ്രതികളായ 3 പേർ കൂടി അറസ്റ്റിൽ. പുതുനഗരം സ്വദേശികളായ മങ്ങോട് ലക്ഷം വീട് കോളനിയിൽ എ.ബഷീറുദ്ദീൻ (32), മങ്ങോട് രാമാംബുജം വീട്ടിൽ ആർ.വിമൽകുമാർ (41), സൗത്ത് സ്ട്രീറ്റ് ജെ.തൗഫീക്ക് (23) എന്നിവരെയാണു കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇനി ഒരു പ്രതി കൂടി പിടിയിലാവാനുണ്ട്. ഒരു മാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണു കവർച്ച നടത്തിയതെന്നു പൊലീസ് പറയുന്നു. നേരത്തെ കവർച്ച ചെയ്ത സ്വർണം വിറ്റ 4 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ 7 പേർ അറസ്റ്റിലായി. 

ഒളിവിൽ പോയ വിമൽകുമാറിനെയും ബഷീറുദ്ദീനെയും ഗുരുവായൂരിലെ ലോഡ്ജിൽ നിന്നും തൗഫീക്കിനെ പാലക്കാട് നഗരത്തിൽ നിന്നുമാണു പിടികൂടിയത്. ഇവരിൽ ബഷീറുദ്ദീനാണു കവർച്ച ആസൂത്രണം ചെയ്തതും മറ്റുള്ളവരെ സഹായത്തിനായി വിളിച്ചു വരുത്തിയതും. വീട്ടുടമ അൻസാരിയുടെ പാലക്കാട് നഗരത്തിലുള്ള സ്ഥാപനത്തിലെ ജോലിക്കാരനാണ് തൗഫീക്ക്. തൗഫീക്കാണ് അൻസാരിയുടെ വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ച വിവരം ബഷീറുദ്ദീനെ അറിയിക്കുന്നത്. കവർച്ചയ്ക്കു ശേഷം കേസിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ട് അൻസാരിയെ ഭീഷണിപ്പെടുത്താൻ ഇദ്ദേഹത്തിന്റെ മകന്റെ ഫോട്ടോ മറ്റു പ്രതികൾക്കു തൗഫീക്ക് അയച്ചു നൽകിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

കവർച്ചയ്ക്കു ശേഷവും ഇന്നലെ അറസ്റ്റിലാകുന്നതുവരെയും ഇയാൾ അൻസാരിയുടെ സ്ഥാപനത്തിൽ ജോലിക്കു വന്നിട്ടുണ്ട്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഫോൺ  വിവരങ്ങൾ പരിശോധിച്ചതോടെയാണു പ്രതികളുമായുള്ള ബന്ധം പുറത്തായത്. കവർച്ചയ്ക്കു ശേഷം പ്രതികൾ മംഗലത്തെത്തി ഫോൺ ഉപേക്ഷിച്ചാണു ഗുരുവായൂരിലേക്കു പോയത്. എങ്കിലും തെളിവെടുപ്പിനിടെ പ്രതികളുടെ ഫോണുകൾ പൊലീസ് കണ്ടെത്തി. പ്രതികളെ കവർച്ച നടന്ന കൽമണ്ഡപം പ്രതിഭാ നഗറിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

13നു രാവിലെ 10.45നു പ്രതിഭാനഗർ സെക്കൻഡ് സ്ട്രീറ്റ് അൻസാരി മൻസിലിൽ എം.എം.അൻസാരിയുടെ ഭാര്യ ഷെഫീനയെ ആക്രമിച്ചാണു സ്വർണാഭരണങ്ങളും പണവും കവർന്നത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, പാലക്കാട് എഎസ്പി എ.ഷാഹുൽ ഹമീദ് എന്നിവരുടെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ സി.കെ.രാജേഷ്, എ.രംഗനാഥൻ, വി.രമേശ്, സിപിഒമാരായ  ആർ.രജീദ്, എസ്.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com