ADVERTISEMENT

പാലക്കാട് ∙ രണ്ടാംവിളയിൽ സംഭരിക്കുന്ന നെല്ലിന്റെ വില നൽകാൻ സപ്ലൈകോ കേന്ദ്ര സർക്കാരിൽ നിന്നു 700 കോടി രൂപ മുൻകൂർ ആവശ്യപ്പെട്ടു. രണ്ടാം വിള നെല്ലു സംഭരണം ആരംഭിച്ചെങ്കിലും വിലവിതരണത്തിൽ തീരുമാനമായിട്ടില്ല. പാലക്കാട് അടക്കമുള്ള ജില്ലകളിൽ കോടിക്കണക്കിനു രൂപ കർഷകർക്കു നൽകാനുണ്ട്. നെല്ലെടുത്ത വകയിൽ സപ്ലൈകോയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കാനുള്ള 400 കോടി രൂപയ്ക്കായി ക്ലെയിം സമർപ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ തുക ലഭിച്ചേക്കും. തുക കിട്ടുന്ന മുറയ്ക്കു കർഷകർക്കു നൽകുമെന്നു സപ്ലൈകോ അറിയിച്ചിരുന്നു.

രണ്ടാംവിള നെല്ലെടുപ്പിനു 400 കോടി രൂപ മതിയാകില്ല. ഇതുകൂടി കണക്കിലെടുത്താണ് കേന്ദ്രത്തിൽ നിന്നു മുൻകൂർ തുക ആവശ്യപ്പെട്ടിട്ടുള്ളത്. സപ്ലൈകോയുടെ വായ്പാ പരിധി 3,500 കോടി രൂപയായി വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനാൽ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു കൂടുതൽ തുക വായ്പ എടുക്കാനും സാധിക്കില്ല. സംസ്ഥാന സർക്കാരിൽനിന്നു സപ്ലൈകോയ്ക്ക് 600 കോടി രൂപ ലഭിക്കാനുമുണ്ട്. ഏപ്രിലിൽ പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നതോടെ സംസ്ഥാന സർക്കാരിൽ നിന്നുള്ള ധനസഹായം സപ്ലൈകോ പ്രതീക്ഷിക്കുന്നുണ്ട്.

നെല്ലു നിറയ്ക്കാനുള്ള ചാക്കും ഇനി കൃഷിക്കാർ വാങ്ങണം

tcr-paddy

 ഉത്തരവുകൾ ഒട്ടേറെയുണ്ടെങ്കിലും നെല്ലു സംഭരണത്തിനുള്ള ചാക്കും കർഷകർ വില കൊടുത്തു വാങ്ങണം. പ്ലാസ്റ്റിക് ചാക്ക് ഒന്നിന് 9 മുതൽ 13 രൂപവരെയാണു വില. 100 കിലോ നെല്ലു നിറയ്ക്കാൻ 2 ചാക്കു വേണം. ചിലയിടങ്ങളിൽ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ഒന്നിച്ചു ചാക്കു വാങ്ങി കൃഷിക്കാർക്കു ലഭ്യമാക്കുന്നുണ്ട്. നെല്ലെടുക്കുന്ന മില്ലുടമകൾ കരാർ പ്രകാരം 50 കിലോ നെല്ലു നിറയ്ക്കാ‍ൻ സാധിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള ചാക്ക് എത്തിക്കണമെന്നാണ് സപ്ലൈകോയുടെ നിർദേശം. ചണച്ചാക്കുകൾക്കു കടുത്ത ക്ഷാമമുണ്ട്. വില ചാക്കൊന്നിനു 30 രൂപയ്ക്കു മുകളിലാണ്. ചണച്ചാക്കുകൾ കാത്തിരുന്നാൽ നെല്ലു നിറയ്ക്കൽ നടക്കില്ലെന്നു കർഷകർ പറയുന്നു. 

ഇതിനു പകരമായി ചില മില്ലുകാർ പ്ലാസ്റ്റിക് ചാക്കുകൾ ലഭ്യമാക്കുന്നുണ്ടെങ്കിലും അത് അവരുടെ സൗകര്യത്തിനനുസരിച്ചാണു നൽകുന്നത്. അത്രയും ദിവസം നെല്ലു പുറത്തു കൂട്ടിയിടാൻ കൃഷിക്കാർക്കു സാധിക്കില്ല. പ്ലാസ്റ്റിക് ചാക്കുകൾ പോലും നൽകാത്ത മില്ലുകാരും ഉണ്ടെന്നു പരാതിയുണ്ട്.കൊയ്തെടുത്ത നെല്ല് പതിരു കളഞ്ഞ് ഉണക്കിയെടുത്ത ശേഷം ചാക്കിലാക്കി കെട്ടി സൂക്ഷിച്ചു വയ്ക്കുന്നതാണു പതിവ്. വേനൽമഴ ഏൽക്കാതിരിക്കാൻ കൂടിയാണിത്. ഓരോ സീസണിലും ചാക്കു ലഭ്യത സംബന്ധിച്ച് സപ്ലൈകോ ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ടെങ്കിലും നെല്ലെടുപ്പിൽ അതു പാലിക്കപ്പെടാറില്ല. 

ജില്ലയിൽ കൊയ്ത്തു സജീവമായിത്തുടങ്ങി. മൂന്നും നാലും കൊയ്ത്തു യന്ത്രങ്ങൾ ഉപയോഗിച്ചാണ് പാടശേഖരങ്ങളിൽ കൊയ്ത്തു നടക്കുന്നത്. നെല്ലെടുപ്പിൽ കാലതാമസം പാടില്ല. കൊയ്ത്തു സമയത്തുൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തി  ഉൽപാദന വർധനയ്ക്കനുസൃതമായി അധിക നെല്ലും സംഭരിക്കണം. ഇതിനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കണം. നെല്ലെടുപ്പിലും വില വിതരണത്തിനും കാലതാമസം പാടില്ല. കർഷകർ ഉൽപാദിപ്പിച്ച അധിക നെല്ലു സംഭരിക്കാതിരുന്നാൽ കൃഷിക്കാർക്കു കനത്ത നഷ്ടം ഉണ്ടാക്കും. ഇക്കാര്യത്തിൽ സർക്കാരും സപ്ലൈകോയും അടിയന്തര നടപടി സ്വീകരിക്കണം. കെ.സി.അശോകൻചെമ്മങ്കാട് പാടശേഖര സമിതി സെക്രട്ടറി കണ്ണാടി പഞ്ചായത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com