പാലക്കാട് നഗരസഭാ ബജറ്റ്: മുൻപെങ്ങും കാണാത്ത പ്രതിപക്ഷ ബഹളം

അവിടെ വാഗ്വാദം, ഇവിടെ വാഗ്‌ദാനം... പാലക്കാട് നഗരസഭാ ബജറ്റ് അവതരണ യോഗത്തിൽ ഭരണപക്ഷ–പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടെ ബജറ്റ് അവതരിപ്പിക്കുന്ന വൈസ് ചെയർമാൻ ഇ.കൃഷ്‌ണദാസ്.
SHARE

പാലക്കാട് ∙ നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൗൺസിൽ ഹാളിൽ പ്രതിപക്ഷം ബജറ്റ് രേഖകൾ കീറിയെറിഞ്ഞു. അധ്യക്ഷയ്ക്കു നേരെ ബജറ്റ് പുസ്തകത്തിന്റെ പുറംചട്ട ചുരുട്ടിയെറിഞ്ഞു. നഗരസഭയ്ക്കു മുന്നിൽ യുഡിഎഫ് അംഗങ്ങൾ ബജറ്റ് രേഖ കത്തിക്കുകയും ചെയ്തു. ബഹളത്തിനിടെയും ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് ബജറ്റ് അവതരിപ്പിക്കുകയും ബജറ്റ് പാസായതായി അധ്യക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. ബജറ്റ് കണക്കുകളടങ്ങിയ രേഖ മുൻകൂട്ടി നൽകിയില്ലെന്നാരോപിച്ചാണു യുഡിഎഫും സിപിഎമ്മും പ്രതിഷേധിച്ചത്.

ഉപാധ്യക്ഷൻ ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷ അംഗങ്ങൾ അധ്യക്ഷ പ്രിയ അജയന്റെ മുന്നിലെത്തി മേശയിൽ അടിച്ചു പ്രതിഷേധം തുടങ്ങി. കണക്കുകൾ തലേദിവസം അംഗങ്ങൾക്കു നൽകുന്ന പതിവുണ്ടെന്നു പ്രതിപക്ഷം വാദിച്ചു. കഴിഞ്ഞ ബജറ്റിലടക്കം അവതരണ ദിവസത്തിലാണു രേഖകൾ നൽകിയതെന്നും ചർച്ചയ്ക്ക് ഒരു ദിവസം കൂടി അനുവദിക്കുമെന്നും അധ്യക്ഷയും ഉപാധ്യക്ഷനും അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ജനകീയ ബജറ്റിനെ പേടിച്ചാണ് അവതരണം തടസ്സപ്പെടുത്തുന്നതെന്നും നഗരവികസനത്തിനു പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നും അധ്യക്ഷ കുറ്റപ്പെടുത്തി.

മുൻവർഷങ്ങളിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാതെയാണു പുതിയ ബജറ്റെന്നും ഇതു ജനങ്ങളെ പറ്റിക്കലെന്നു പ്രതിപക്ഷവും നിലപാടെടുത്തു. ഇതോടെ വാക്കേറ്റവും രൂക്ഷമായി. ഇതിനിടെ ബജറ്റ് അവതരണത്തിനായി ഭരണപക്ഷം ഉപാധ്യക്ഷനു ചുറ്റും വലയം തീർത്തു. ബഹളം തുടരുന്നതിനിടെയാണു  പ്രതിപക്ഷം ബജറ്റ് കീറിയെറിഞ്ഞത്. ബജറ്റ് അവതരണം പൂർത്തിയായതോടെ യോഗം തൽക്കാലത്തേക്കു നിർത്തിവച്ചു. ഇതോടെ യുഡിഎഫ് അംഗങ്ങൾ പ്രകടനമായി പുറത്തു വന്നാണു ബജറ്റ് കത്തിച്ചത്. സിപിഎമ്മും നഗരസഭയ്ക്കു മുന്നിൽ പ്രകടനം നടത്തി. കൗൺസിലിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ പരസ്പരം കളിയാക്കി കൂക്കുവിളികളും ഉയർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA