പാലക്കാട് ∙ കാടും നാടും വിറപ്പിച്ച പി.ടി. 7 നാട്ടിലെ മിടുക്കൻ ധോണിയാകുന്നു. 60 ദിവസത്തെ കൂടുജീവിതം ധോണിയെന്ന കാട്ടാനയെ നാട്ടുജീവിതം പഠിപ്പിച്ചു. കുറച്ചുനാൾ കൂടി കഴിഞ്ഞാൽ അവൻ നാട്ടാനയാകും. രണ്ടു വർഷത്തോളം ധോണി, മലമ്പുഴ, മുണ്ടൂർ മേഖലകളെ വിറപ്പിച്ച കൊമ്പനെ ജനുവരി 22നാണു മയക്കുവെടി വച്ചു പിടികൂടി കൂട്ടിലടച്ചത്.
പാപ്പാൻമാരായ എം.മാധവനും വി.മണികണ്ഠനും നൽകുന്ന നിർദേശങ്ങൾ ആന അനുസരിച്ചു തുടങ്ങി. രാത്രി ഇടയ്ക്ക് ഉച്ചത്തിൽ ശബ്ദമുണ്ടാക്കും. പാപ്പാൻമാരിൽ ആരെങ്കിലുമൊരാൾ ‘എടാ...’ എന്നു നീട്ടി വിളിച്ചാൽ ശാന്തനാകും. പിന്നെ നിന്നുകൊണ്ട് ഉറക്കം. നാട്ടാനയാക്കാനുള്ള പരിശീലമാണ് ഇപ്പോൾ നൽകുന്നത്. പരിശീലനം 40% പൂർത്തിയായതായി പാലക്കാട് ഡിഎഫ്ഒ ശ്രീനിവാസ് കുറെ അറിയിച്ചു. അതിനു ശേഷം കുങ്കിയാക്കാനുള്ള പരിശീലനം തുടങ്ങും.
ദിവസം നാലുനേരം കുളിപ്പിക്കുന്നുണ്ട്. പൈപ്പ് വെള്ളം ദേഹത്തേക്കു ചീറ്റുന്നതു കൊമ്പനു വലിയ ഇഷ്ടമാണ്. കൂട്ടിനു പുറത്തു കിടക്കുന്ന ഹോസ് തുമ്പിക്കൈകൊണ്ടു സ്വയം എടുത്തു ദേഹത്തു വെള്ളം ചീറ്റിക്കുന്നതു ധോണിയുടെ ഇഷ്ടവിനോദമാണെന്നു പാപ്പാൻ മാധവൻ പറഞ്ഞു. പെല്ലെറ്റ് കൊണ്ടുണ്ടായത് ഉൾപ്പെടെയുള്ള മുറിവുകൾ ഉണങ്ങി.