എരുത്തേമ്പതി ∙ കർഷകർ ക്ഷീര സഹകരണ സംഘത്തിലേക്ക് അളക്കുന്ന പാലിനു യഥാർഥ വില നൽകാതെ തട്ടിപ്പു നടത്തുന്നതായി പരാതി. ആർവിപി പുതൂർ കെ.രാജേശ്വരിയാണു പരാതിക്കാരി. മാങ്കാപ്പള്ളം ക്ഷീര സഹകരണ സംഘത്തിനെതിരെയാണ് അംഗത്തിന്റെ പരാതി. അളക്കുന്ന സമയത്തു പാലിന്റെ അളവും ഫാറ്റും ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുള്ള കൗണ്ടർ രശീതി നൽകുന്നുണ്ട്.
എന്നാൽ, അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ ഉള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പാലിന്റെ അളവിലും ഫാറ്റിലും കുറവു വരുത്തിയതായി കാണുന്നുവെന്നാണു പരാതി. 168 അംഗങ്ങൾ പാലളക്കുന്ന ക്ഷീര സഹകരണസംഘത്തിൽ ഇത്തരത്തിൽ പല കർഷകരുടെ പേരിലും തട്ടിപ്പു നടത്തി വലിയ തുകയുടെ അഴിമതിയാണു നടത്തിയിട്ടുള്ളതെന്നു പരാതിയിൽ പറയുന്നു.
വിദ്യാഭ്യാസം കുറഞ്ഞ ക്ഷീര കർഷകരെ ഇത്തരത്തിൽ പറ്റിക്കുന്നതു തടയാനായി വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വകുപ്പ് മന്ത്രി, ചിറ്റൂർ ബ്ലോക്ക് ക്ഷീര വികസന ഓഫിസർ, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പാൽ അളന്നു ഫാറ്റ് കൃത്യമായി രേഖപ്പെടുത്തുന്നതിൽ ജീവനക്കാരന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നു സംഘം സെക്രട്ടറി സുരേഷ് കുമാർ പറഞ്ഞു. കർഷകനു ലഭിക്കേണ്ട തുക ഈ ജീവനക്കാരനിൽ നിന്ന് ഈടാക്കി നൽകുകയും ഇക്കാര്യം ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. ഒരു കർഷകന്റെ കാര്യത്തിൽ മാത്രമാണ് ഇത്തരത്തിൽ വീഴ്ച പറ്റിയിട്ടുള്ളതെന്നും സുരേഷ് കുമാർ പറഞ്ഞു.