കുഴൽമന്ദം ∙ തലയ്ക്കു മാരകമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹതയേറെ. തേങ്കുറിശ്ശി കോട്ടപ്പള്ള തെക്കേക്കര വീട്ടിൽ ഉഷ (42) ചികിത്സയിലിരിക്കെ കണ്ണാടി കാഴ്ചപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണു മരിച്ചത്. പിറകുവശത്തെ വാതിലിലൂടെ അകത്തുകയറി വീട്ടമ്മയുടെ തലയ്ക്കു പനംപട്ടത്തണ്ടുകൊണ്ട് അടിച്ച പാടുകളുണ്ട്.
തുടർന്ന് ഇരുവരും തമ്മിലുണ്ടായ മൽപിടുത്തത്തിൽ വീട്ടമ്മ ചുമരിന്റെ കോണിൽ തട്ടി വീണപ്പോഴാകാം മാരകമായി പരുക്കേറ്റത് എന്നാണു പ്രാഥമിക നിഗമനം. ഉഷയുടെ തലയോട്ടി പൊട്ടി രക്തം വാർന്നുപോയതാണു മരണകാരണം. ഒന്നര വർഷം മുൻപാണു വടക്കഞ്ചേരി മുടപ്പല്ലൂർ ചക്കാന്തറ സ്വദേശിയായ ഉഷയും സുഹൃത്തും ചേർന്ന് 63 സെന്റ് സ്ഥലം കോട്ടപ്പള്ള തെക്കേക്കരയിൽ വാങ്ങിയത്.
തുടർന്ന് ഉഷയും ഭർത്താവ് സംസാരശേഷിയില്ലാത്ത സുരേന്ദ്രനും തെക്കേക്കരയിൽ താമസം തുടങ്ങി. ഉഷയും സുഹൃത്തും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ നിത്യേന പ്രശ്നങ്ങൾ ഉണ്ടായിരുന്നുവത്രെ. ഇതിന്റെ ഭാഗമായി ആറു മാസം മുൻപു സുരേന്ദ്രൻ ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ കുഴൽമന്ദം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു സംസാരിച്ചിരുന്നു.
എന്നാൽ, തുടർന്നും ഉഷ സൗഹൃദം തുടർന്നു. ഇതിൽ കുപിതനായ സുരേന്ദ്രൻ ഭാര്യയിൽ നിന്നു 3 മാസമായി അകന്നു താമസിക്കുകയായിരുന്നു. വടക്കഞ്ചേരി ചുവട്ടുപാടം മേരിഗിരിയിൽ റബർ തോട്ടത്തിൽ ആണ് സുരേന്ദ്രനു ജോലി. സംഭവദിവസം ഉഷ സുഹൃത്തിനെ ഫോണിൽ വിളിച്ചു വീടിന്റെ പിറകുവശത്ത് ഓട് ഇളക്കുന്ന ശബ്ദം കേൾക്കുന്നുണ്ടെന്നും ആരോ മർദിക്കാൻ വരുന്നതായും അറിയിച്ചതായി കുഴൽമന്ദം പൊലീസ് പറയുന്നു.
ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ, സയന്റിഫിക് ഓഫിസർ കെ.അനുപമ, ഡോഗ് സ്ക്വാഡിലെ ഹാർലി, കുഴൽമന്ദം സിഐ ആർ.രജീഷ്, എസ്ഐ സി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.