കുഴൽമന്ദം ∙ തലയ്ക്കു മാരകമായി പരുക്കേറ്റു സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭർത്താവും വീട്ടമ്മയുടെ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ.തേങ്കുറുശ്ശി തെക്കേക്കര കോട്ടപ്പള്ള വീട്ടിൽ ബാലന്റെ മകൾ ഉഷ (42) ആണു കാഴ്ചപ്പറമ്പ് സ്വകാര്യാശുപത്രിയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ അടുക്കളയിലാണു തലയ്ക്കു സാരമായി പരുക്കേറ്റു രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ചുവട്ടുപാടത്തെ സുഹൃത്ത് അറിയിച്ചതിനെത്തുടർന്നു കുഴൽമന്ദം പൊലീസാണു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വടക്കഞ്ചേരി മേരിഗിരി സ്വദേശികളായ ഉഷയും ഭർത്താവു സുരേന്ദ്രനും ഒരു വർഷം മുൻപാണു കോട്ടപ്പള്ളയിൽ താമസമാക്കിയത്. കുടുംബവഴക്കിനെത്തുടർന്ന് ആറുമാസമായി ഭർത്താവു മാറിത്താമസിക്കുകയാണ്. ഭർത്താവ് സുരേന്ദ്രനെ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം. ഇരുവർക്കുമിടയിൽ സ്വത്തു തർക്കമുണ്ടായിരുന്നു.
അയൽക്കാരുമായി ബന്ധമില്ലാതിരുന്നതിനാൽ ആക്രമണവിവരം പുറത്തറിയാൻ വൈകി. അമിതമായി രക്തം വാർന്നുപോയതാണു മരണകാരണം. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടു നാലോടെ അണക്കപ്പാറ പയ്യക്കുണ്ടിലെ സഹോദരന്റെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. മാതാവ്: മാധവി. മക്കൾ: അനുജ, പരേതയായ സുബിജ. മരുമകൻ: ശ്രീജിത്ത്.