മണ്ണാർക്കാട് ∙ പെരിഞ്ചോളത്തു വീട്ടിൽ കയറി സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതികളെക്കുറിച്ചു സൂചന കിട്ടിയില്ലെന്നു പൊലീസ് അറിയിച്ചു. പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.പെരിഞ്ചോളം പാലത്തിങ്ങൽ ഹംസയുടെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണു മോഷണം നടന്നത്.
ഹംസയുടെ ഭാര്യയുടെ ആറു പവൻ മാല, മകളുടെ മാല, അലമാരയിലുണ്ടായിരുന്ന വള, പഴ്സിലുണ്ടായിരുന്ന 3000 രൂപ, ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 8000 രൂപ എന്നിയവാണു നഷ്ടമായത്. വീടിന്റെ വെന്റിലേറ്റർ വഴിയാണു മോഷ്ടാവ് അകത്തു കടന്നതെന്നാണു നിഗമനം.
വീടിനെക്കുറിച്ചു കൃത്യമായ അറിവുള്ളവരാണു മോഷണത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു സിഐ പറഞ്ഞു. വെന്റിലേറ്റർ വഴി മോഷണം നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.