ADVERTISEMENT

പാലക്കാട് ∙ നമ്മളേക്കാൾ ദാഹം കൂടുതലാണു പക്ഷികൾക്ക്. കുളങ്ങളും തോടുകളും ജലസ്രോതസ്സുകളും വറ്റിയതോടെ അവയ്ക്കു കുടിക്കാൻ വെള്ളമില്ലാതായി. ഇനി അവർക്കു നമ്മുടെ സഹായം വേണം. വീടിനു സമീപത്തോ മുറ്റത്തോ പറമ്പിലോ മട്ടുപ്പാവിലോ പക്ഷികൾക്കായി അൽപം വെള്ളം കരുതാം. വള്ളിക്കുടിലുകളിൽ പാത്രത്തിൽ വെള്ളം നിറച്ചു വയ്ക്കുന്നതു പക്ഷികളെ ആകർഷിക്കും. പക്ഷികൾക്കു പുറമേ അണ്ണാൻ ഉൾപ്പെടെ ചെറിയ ജീവികൾക്കും ദാഹം അകറ്റാനാകും.

ഇവ ശ്രദ്ധിക്കാം

∙ പക്ഷികളുടെ കൊക്ക് മുഴുവനായും മുങ്ങുന്ന വിധം പാത്രത്തിൽ വെള്ളം നിറയ്ക്കണം. വലിയ പക്ഷികൾ വന്നിരുന്നാൽ പാത്രം മറിഞ്ഞു പോകാതിരിക്കാൻ ഉറപ്പിച്ചു നിർത്താം.
∙ ആൾപ്പെരുമാറ്റം അധികമില്ലാത്ത സ്ഥലങ്ങളിൽ വെള്ളം വയ്ക്കുന്നതാണു നല്ലത്.
∙ സൂര്യപ്രകാശം തട്ടുന്ന സ്ഥലത്ത് വെള്ളം വച്ചാൽ അതിന്റെ തിളക്കം പക്ഷികളെ ആകർഷിക്കും.
∙ മരത്തിൽ കയറോ മറ്റോ ഉപയോഗിച്ചു വെള്ളം നിറച്ച പാത്രം തൂക്കിയിടുന്നതും നല്ലതാണ്.

വെള്ളം തേടി വന്യമൃഗങ്ങൾ;ഭീതിയിൽ അകമലവാരം

മലമ്പുഴ ∙ വെള്ളം തേടി കാട്ടുമൃഗങ്ങൾ നാട്ടിലെത്തി തുടങ്ങിയതോടെ ഭീതിയിൽ അകമലവാരം നിവാസികൾ. കാട്ടാന, പുലി, കാട്ടുപന്നി, കുരങ്ങ് ഉൾപ്പെടെ മൃഗങ്ങൾ അകമലവാരത്തെ ജനവാസ മേഖലകളിൽ എത്തുന്നുണ്ട്. കരടിച്ചോല, കവ, ചേമ്പന, മുതിരംകുന്ന്, മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശം എന്നിവിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കവ ഭാഗത്തെ ഡാമിനോടു ചേർന്ന് കുട്ടിയാനകൾ ഉൾപ്പെടെ മുപ്പതിലേറെ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. ഡാമിലെത്തുന്നവരെ ഇവർ ആക്രമിക്കാനും ശ്രമിക്കാറുണ്ട്.പുലിയും കാട്ടുപന്നികളും ഡാമിലെത്തുന്നതു പതിവാണെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.ഇതോടെ പുലർച്ചെ സമയത്ത് ഇവർക്ക് ഡാമിൽ മീൻ പിടിക്കാൻ ഇറങ്ങാൻ കഴിയാറില്ല.

കല്ലേപ്പുള്ളി സ്വദേശിയായ മത്സ്യത്തൊഴിലാളി കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇദ്ദേഹത്തിന്റെ ഇരുചക്ര വാഹനം കാട്ടാന തകർത്തു. ഡാമിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടുപന്നികളും കുരങ്ങുകളും പ്രദേശത്തെ കൃഷിയും നശിപ്പിക്കും. മലമ്പുഴയിലെത്തുന്ന വിനോദ സ‍ഞ്ചാരികളെയും കുരങ്ങുകൾ ആക്രമിക്കാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. മലമ്പുഴ–കൊല്ലങ്കുന്ന് റിങ് റോഡിലും കാട്ടുമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് മറിഞ്ഞ് വേലാകംപൊറ്റ സ്വദേശി വി.മണിക്കുട്ടനു പരുക്കേറ്റിരുന്നു. കാട്ടിൽ ജലാശയങ്ങളും പുഴകളും വറ്റിയതാണു മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമെന്നു വനംവകുപ്പ് പറഞ്ഞു. കാട്ടിൽ ജലാശയങ്ങൾ ഒരുക്കാനുള്ള പദ്ധതികൾ വനംവകുപ്പ് നടപ്പാക്കാത്തതാണു പ്രശ്നമെന്നു നാട്ടുകാരും ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com