പാലക്കാട് ∙ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ സ്വർണാഭരണം നഷ്ടപ്പെട്ടെന്നു പരാതി. വീട്ടുകാർ പരാതിയുമായി ആശുപത്രി അധികൃതരെ സമീപിച്ചു. ചികിത്സയിലിരിക്കെ വീട്ടമ്മയുടെ കൈവശം ഉണ്ടായിരുന്ന സ്വർണമാല പിന്നീടു നഷ്ടപ്പെട്ടെന്നാണു പരാതി. ഇക്കാര്യം ആശുപത്രിയിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിലും അറിയിച്ചിരുന്നു. വീട്ടുകാരുടെ സംഭവം അറിയിച്ചതോടെ ആശുപത്രി അധികൃതർ പ്രാഥമികാന്വേഷണം നടത്തി. ബന്ധുക്കൾ പൊലീസിലും പരാതി ഉന്നയിച്ചിട്ടുണ്ട്.
പൊലീസ് നിരീക്ഷണം വേണം
ദിവസവും ചികിത്സ തേടി നൂറു കണക്കിനു പേർ എത്തുന്ന ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യം. ആശുപത്രി പരിസരത്തു മോഷണം വർധിക്കുന്നെന്ന പരാതി ഉയർന്നതോടെ ആശുപത്രി അധികൃതരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് ഇന്നലെയും ആഭരണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നു. പൊലീസ് ഉടൻ ഇടപെട്ടതോടെ ആഭരണം തിരിച്ചു കിട്ടി. മുൻപും ഇത്തരം പരാതികൾ ഉയർന്നിരുന്നു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ പോലും യാത്രക്കാരെ കാത്ത് വാഹനങ്ങൾ നിർത്തിയിടുന്നതായും രോഗികൾ ഇല്ലെങ്കിൽ കൂടി ഓട്ടോറിക്ഷകൾ ആശുപത്രിയിൽ കയറിയിറങ്ങുന്നതായും ആശുപത്രി അധികൃതർ പരാതിപ്പെടുന്നു. ഒപിയിൽ തിരക്കേറെയുള്ള സമയങ്ങളിൽ മാല മോഷ്ടാക്കളെയും മറ്റും പിടികൂടാൻ മഫ്തിയിൽ പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യം ഉണ്ട്.