ADVERTISEMENT

മണ്ണാർക്കാട് ∙ കല്ലടിക്കോട് മലയടിവാരത്തിൽ മ്ലാവിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ, മൂന്നു പേർ ഒളിവിൽ. ഗർഭിണിയായ മ്ലാവിനെയാണു വേട്ടയാടിയത്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മലയടിവാരത്തിൽ ശനിയാഴ്ച അർധരാത്രിയാണു സംഭവം. എടത്തനാട്ടുകര പൊൻപാറ കൊന്നംചാലിൽ ബോണി (34), കല്ലടിക്കോട് താന്നിക്കൽ തങ്കച്ചൻ (കുര്യാക്കോസ്–64) എന്നിവരാണ് അറസ്റ്റിലായത്.  

ഒളിവിൽപോയ പാലക്കയം കാഞ്ഞിരംപാറ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, കല്ലടിക്കോട് മേലെപയ്യാനി ബിനു എന്നിവർക്കെതിരെ കേസെടുത്തതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. കല്ലടിക്കോട് ഫോറസ്റ്റ് ഒപിക്കു സമീപം രാത്രി പന്ത്രണ്ട് മണിയോടെ വെടിയൊച്ച കേട്ടതിനെത്തുടർന്നു വനം ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണു പ്രതികൾ പിടിയിലായത്.

വനപാലകരെ കണ്ടതോടെ തോക്കുമായി മൂന്നുപേർ ജീപ്പിൽ രക്ഷപ്പെട്ടു. 300 കിലോ തൂക്കമുള്ള മ്ലാവിനെയാണു വേട്ടയാടിയത്. പോസ്റ്റ്മോർട്ടത്തിൽ മ്ലാവിന്റെ വയറ്റിൽ കുഞ്ഞിനെ കണ്ടെത്തി. മ്ലാവിന് 4 വയസ്സ് തോന്നിക്കും. മ്ലാവിന്റെ ദേഹത്തുനിന്ന് 4 വെടിയുണ്ടകൾ കണ്ടെത്തിയതായി വനപാലകർ പറഞ്ഞു. 

ഒളിവിൽ പോയവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി മണ്ണാർക്കാട് റേഞ്ച് ഓഫിസർ എൻ.സുബൈർ പറഞ്ഞു. പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.മനോജ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം.രാമൻ, എൻ.ഗിരീഷ്, കെ.സുബിൻ, ബിഎഫ്ഒമാരായ ജെ.ഹുസൈൻ, സച്ചിദാനന്ദൻ എന്നിവരാണു പ്രതികളെ പിടികൂടിയത്. വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാം പോസ്റ്റ്മോർട്ടം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com