പാലക്കാട് ∙ രണ്ടാംവിളയിൽ കർഷകർ കൊയ്ത്തു കൂലി കണ്ടെത്തുന്നതും നഷ്ടം കുറയ്ക്കുന്നതും വയ്ക്കോൽ വിറ്റ്. സംഭരണ വില വിതരണം ഏറെ വൈകുന്നതിനാലാണു വയ്ക്കോൽ വിറ്റെങ്കിലും കൊയ്ത്തു യന്ത്ര വാടക നൽകാൻ ശ്രമിക്കുന്നത്. ഒന്നാം വിളയിൽ മഴ കാരണം കാര്യമായി വയ്ക്കോൽ ലഭിക്കാറില്ല. രണ്ടാംവിളയിൽ തെറ്റില്ലാത്ത വിധത്തിൽ വയ്ക്കോൽ കിട്ടും. ഇതിനായി ടയർ കൊയ്ത്തു യന്ത്രമാണു പാടത്തിറക്കുക. ഇരുമ്പുചക്രം ഘടിപ്പിച്ച കൊയ്ത്തുയന്ത്രം ഇറക്കിയാൽ വയ്ക്കോൽ കിട്ടില്ല. ടയർ കൊയ്ത്തു യന്ത്രത്തിനു വാടകയിലും കുറവുണ്ട്. സപ്ലൈകോയ്ക്കു നെല്ലളന്ന് ആഴ്ചകൾ കഴിഞ്ഞാലും വില ലഭിക്കാത്ത സ്ഥിതിയാണ്. അതുവരെ കൊയ്ത്തു യന്ത്രവാടകയും കടത്തുകൂലിയും കൊടുക്കാതിരിക്കാനാവില്ല. ഈ സാഹചര്യത്തിൽ വയ്ക്കോൽ വിൽപനയാണ് കർഷകർക്കു തുണയാകുന്നത്.
3 അടി നീളമുള്ള ഒരു കെട്ടു വയ്ക്കോലിന് ശരാശരി 80 മുതൽ 100 രൂപ വരെ ലഭിക്കും. നല്ലപോലെ വിളഞ്ഞിട്ടുണ്ടെങ്കിൽ ഒരു ഏക്കറിൽ നിന്ന് 60–70 കെട്ടുവയ്ക്കോൽ ലഭിക്കുമെന്നു കൃഷിക്കാർ പറയുന്നു. കാലാവസ്ഥ കൂടി അനുകൂലമെങ്കിൽ ഈയിനത്തിൽ ശരാശരി 5000–6000 രൂപ വരെയെങ്കിലും ലഭിക്കും. വയ്ക്കോൽ വാങ്ങാൻ കോഴിക്കോട് ഭാഗത്തു നിന്നും കച്ചവടക്കാർ എത്താറുണ്ട്. ഒന്നിച്ചു വയ്ക്കോൽ എടുത്തു കെട്ടുകളാക്കി ഇവിടെ തന്നെ സൂക്ഷിച്ചു പിന്നീട് ആവശ്യമുള്ള ഭാഗത്തേക്കു കൊണ്ടുപോകുന്നതാണു പതിവ്. വേനൽമഴ കൊയ്ത്തിനെ മാത്രമല്ല വയ്ക്കോൽ ലഭ്യതയെയും ബാധിക്കും. ഇത്തവണ ജലസേചനം നീണ്ടതോടെ പാടങ്ങളിൽ നനവു വറ്റാത്തതും വയ്ക്കോൽ കൊയ്ത്തിനു തിരിച്ചടിയായിട്ടുണ്ട്. പാടം നല്ലപോലെ ഉണങ്ങിയാൽ മാത്രമേ ടയർ കൊയ്ത്തു യന്ത്രങ്ങൾ ഇറക്കാനാകൂ. എങ്കിൽ മാത്രമേ കുടുതൽ വയ്ക്കോലും ലഭിക്കൂ.