ചിറ്റൂർ ∙ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപയുടെ സ്വർണവും 23,000 രൂപയും മൊബൈൽ ഫോണും കവർന്നു. സംഭവത്തിൽ 2 പേർ അറസ്റ്റിലായി. വിളയോടി അത്തിമണി കാരികുളം എം.ശ്രീജിത്ത്(വെള്ള–28), പാലക്കാട് നൂറണി പട്ടാണിത്തെരുവ് സിപി ഹൗസിൽ ബി.ബവീർ(31) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് പുലർച്ചെ 5.25ന് മീനാക്ഷിപുരം മൂലക്കട സൂര്യപാറയിലാണു സംഭവം. തൃശൂർ കല്ലൂർ പുതുക്കാട് സ്വദേശി റാഫേൽ(57) ആണു പരാതി നൽകിയത്. തൃശൂരിലെ ജ്വല്ലറിയിൽനിന്ന് തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിച്ച ശേഷം തിരികെ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണു കവർന്നത്.

റാഫേൽ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിനു കുറുകെ കാർ നിർത്തി ഒരാൾ ബസിലേക്കു കയറി റാഫേലിനെ പിടിച്ചിറക്കുകയായിരുന്നു. റാഫേലിനെ കാറിൽ വലിച്ചുകയറ്റി തമിഴ്നാട് ഭാഗത്തേക്കു കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ച് കൈവശമുണ്ടായിരുന്ന 600 ഗ്രാം സ്വർണവും 23,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്നാണു പരാതി. മീനാക്ഷിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പാലക്കാട് നഗരത്തിൽവച്ചു പ്രതികൾ അറസ്റ്റിലായത്.
ഒന്നാം പ്രതി ശ്രീജിത്ത് സിപിഎം അത്തിമണി ബ്രാഞ്ച് അംഗമായിരുന്നു. ബവീർ സിപിഎം മുൻ എംഎൽഎയുടെ ഡ്രൈവറായിരുന്നു. അതേസമയം, സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ചിലർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നുമാണു വിവരം. ജില്ലാ പൊലീസ് മേധാവി കെ.വിശ്വനാഥ്, ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.