പാലക്കാട് ∙കാലാവധി കഴിഞ്ഞ ആയിരക്കണക്കിനു കുപ്പി മദ്യം ഒഴുക്കിക്കളയാൻ ബവ്റിജസ് കോർപറേഷൻ വനിതകളുടെ സഹകരണം തേടുന്നു. മേനോൻപാറ വെയർഹൗസ് ഗോഡൗണിൽ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിനാണ് എലപ്പുള്ളി. വടകരപ്പതി, പുതുശ്ശേരി, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കുടുംബശ്രീ സൊസൈറ്റികളിൽ നിന്നു ടെൻഡർ ക്ഷണിച്ചത്. കഴിഞ്ഞ തവണ 50,000 കെയ്സ് മദ്യമാണ് ഇവിടെ നശിപ്പിച്ചത്. ഒരു കെയ്സിൽ 9 ലീറ്ററെന്ന കണക്കുവച്ച് 4.5 ലക്ഷം ലീറ്റർ മണ്ണിൽ ഒഴിച്ചു കളഞ്ഞു. കാലാവധി കഴിഞ്ഞതിൽ ഭൂരിഭാഗവും ബീയറും വിലകൂടിയ മദ്യവുമാണ്. ബീയറിന് ആറുമാസത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കു ശേഷം ബീയറിൽ നിറംമാറ്റവും മറ്റു പ്രശ്നങ്ങളും ഉണ്ടാകും. വിറ്റഴിക്കാതെ പിന്നീട് കെട്ടിക്കിടക്കുന്നത് മുന്തിയ ഇനം വിദേശമദ്യമാണ്.
വിലകുറഞ്ഞ ഇനമാണ് കൂടുതലായി ചെലവാകുകയെന്നതിനാൽ പലയിടത്തും വിലയേറിയവ ഔട്ട്ലറ്റുകളിൽ ബാക്കിയാകും. കാലാവധി കഴിഞ്ഞെന്നു കരുതി ബവ്കോയ്ക്ക് സ്വന്തം തീരുമാനപ്രകാരം നശിപ്പിക്കാൻ കഴിയില്ല. കാലാവധി കഴിഞ്ഞതിന്റെ എണ്ണം കൃത്യമായി തയാറാക്കി എക്സൈസ് കമ്മിഷണർക്കു സമർപ്പിച്ച ശേഷം പ്രത്യേക അനുമതിയോടെയാണ് നശിപ്പിക്കുക. കേരളത്തിൽ തിരുവല്ല ദ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലും മേനോൻപാറ മലബാർ ഡിസ്റ്റിലറിയിലുമാണ് മദ്യം നശിപ്പിക്കുന്നത്.കഴിഞ്ഞ വർഷം വടകരപ്പതി, എലപ്പുള്ളി ഗ്രാമപഞ്ചായത്തുകളിൽ നിന്നാണു കരാറെടുത്തത്. ഓരോ പഞ്ചായത്തിലെയും പത്തു പേർ വീതമടങ്ങുന്ന സംഘമാണുണ്ടായിരുന്നത്. ഫെയ്സ് ഷീൽഡും ഗ്ലൗസും മാസ്കും ധരിച്ച് കുപ്പി തുറന്ന് മദ്യം ടാങ്കിലേക്ക് ഒഴിച്ചു കളയുകയാണ് ചെയ്യുക. ഒരു ദിവസം ഒരാൾക്ക് 100 കെയ്സ് മദ്യം ഒഴിച്ചു കളയാൻ കഴിയും. ഒഴിച്ചു കളഞ്ഞതിനു ശേഷം കാലിക്കുപ്പികളും കുപ്പിച്ചില്ലുകളും കാർഡ്ബോർഡും കൃത്യമായി അടുക്കിവയ്ക്കേണ്ടതും കരാറിന്റെ ഭാഗമാണ്.