ADVERTISEMENT

മുതലമട ∙ കാലാവസ്ഥ ചതിച്ചു, മാംഗോ സിറ്റിയിൽ വിളവെടുപ്പിന് മാങ്ങയില്ല. മാന്തോപ്പുകളിൽ മാങ്ങയില്ലതായതോടെ കർഷകരും വ്യാപാരികളും ഒരുപോലെ പ്രതിസന്ധിയിൽ. ലക്ഷങ്ങൾ മുടക്കി തോട്ടം പാട്ടത്തിനെടുത്ത വ്യാപാരികൾക്കു മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാനാവുമോ എന്ന് ഉറപ്പില്ല. മുതലമട പഞ്ചായത്തിൽ രണ്ടായിരത്തോളം കർഷകരുടേതായി ആറായിരത്തോളം ഹെക്ടർ സ്ഥലത്തു മാവ് കൃഷി ചെയ്യുന്നുണ്ട്. ഉത്തരേന്ത്യൻ വിപണികളിലേക്ക് പ്രതിദിനം 100–150 ടൺ മാങ്ങ കയറ്റി അയച്ചിരുന്ന സ്ഥാനത്തു അതിന്റെ 15 ശതമാനത്തോളം മാത്രമാണ് ഇക്കുറി കയറ്റി അയയ്ക്കാൻ സാധ്യത. ജനുവരി മുതൽ മേയ് അവസാനം വരെ നീളുന്ന മാമ്പഴക്കാലത്ത് വ്യാപാരികളും തൊഴിലാളികളും നിറഞ്ഞ് ഏറെ സജീവമായിരുന്ന സംഭരണ കേന്ദ്രങ്ങൾ ഏറെയും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്.കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് മൂന്നു തവണയാണ് ഇത്തവണ മുതലമടയിൽ പൂവുകൾ കൊഴിഞ്ഞു പോകുന്ന സാഹചര്യം ഉണ്ടായത്. 

കാലാവസ്ഥാവ്യതിയാനത്തോടൊപ്പം തേനടിയും ഇലപ്പേൻ ആക്രമണം പോലെയുള്ള കീടബാധയും കൂടി വന്നതോടെ ജനുവരിയിലും ഫെബ്രുവരിയിലും മാങ്ങ തീരെയില്ലാതായി. അതിനൊപ്പം മാങ്ങയുടെ ഗുണനിലവാരത്തിലും വ്യത്യാസം വന്നതായി മാവു കർഷകനും പഞ്ചായത്ത് ഉപാധ്യക്ഷനുമായ എം.താജുദ്ദീൻ പറഞ്ഞു. മാങ്ങയ്ക്ക് ആവശ്യത്തിനു വലിപ്പം ഇല്ലാതായതും ഉത്തരേന്ത്യൻ വിപണികളിൽ തിരിച്ചടിയായി. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു മാങ്ങ എത്തിത്തുടങ്ങിയതോടെ വിലയിടിവും സംഭവിച്ചു. ജനുവരി ആദ്യം മാങ്ങ കയറ്റി അയച്ച ഏതാനും കർഷകർക്കു മാത്രമാണ് നല്ല വില ലഭിച്ചത്. അൽഫോൺസ, ബംഗനപ്പള്ളി, സിന്ദൂരം തുടങ്ങിയ മുപ്പതിലധികം ഇനം മാങ്ങയാണ് മുതലമടയിൽ നിന്നു ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. 150 രൂപയ്ക്കു മുകളിൽ ലഭിക്കുന്ന മാങ്ങകളിൽ പലതിനും ഇത്തവണ 50–80 രൂപ വരെയാണ്  ലഭിക്കുന്നത്. ഉൽപാദനം 20 ശതമാനത്തിൽ താഴെയായതും വിലയിടിവും കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

കർഷകരെ സഹായിക്കാൻ കഴിയുന്ന വിധത്തിൽ മാവ് കൃഷിയിൽ വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞന്റെ സേവനം ലഭ്യമാക്കണമെന്ന മുതലമടയിലെ കർഷക ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. തേനടിയും ഇലപ്പേനും നിയന്ത്രിക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ മുതലമടയിൽ സ്ഥിരമായി ശാസ്ത്രജ്ഞൻ ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പ് നടപ്പായില്ല. മുതലമട മാംഗോ പാക്കേജിന്റെ ഭാഗമായി വിദഗ്ധനെ നിയോഗിച്ചെങ്കിലും അധിക കാലം ഉണ്ടായില്ല. കാർഷിക സർവകലാശാലയിൽ നിന്നും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുമുള്ള വിദഗ്ധരാണ് ഇടയ്ക്ക് ഇവിടെയെത്തി നിർദേശം നൽകുന്നുണ്ട്. എന്നാൽ മാന്തോപ്പുകളെ ക്ലസ്റ്റർ ആയി തിരിച്ചു കാലാവസ്ഥയ്ക്കും മണ്ണിനും അനുസൃതമായി കീട നിയന്ത്രണവും മണ്ണു പരിപാലനവും നടത്തണം. അതിനു കാലാവസ്ഥാ പഠനത്തിനുള്ള സൗകര്യവും മുതലമടയിൽ തന്നെ ഉണ്ടാകണമെന്ന കർഷക ആവശ്യം അധികൃതർ കാണുന്നില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com