പട്ടാമ്പി ∙ എംഎൽഎ ആവശ്യപ്പെട്ടതു പ്രകാരം മന്ത്രി നിർദേശിച്ചു നടപ്പാക്കിയ വില്ലേജ് ഓഫിസറുടെ സ്ഥലം മാറ്റം അഡ്മിനിസ്ട്രേറ്റീവ് ്രൈടബ്യൂണൽ സ്റ്റേ ചെയ്തു. പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ ഒന്ന് മരുതൂർ വില്ലേജ് ഓഫിസർ കെ. സബിതയെയാണ് മുഹമ്മദ് മുഹസിൻ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രി സ്ഥലം മാറ്റിയത്.
വില്ലേജ് ഓഫിസിൽ നിന്ന് അത്യാവശ്യം നൽകേണ്ട സർട്ടിഫിക്കറ്റുകൾ നൽകാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും ഇതു മൂലം സർക്കാരിൽ നിന്നു പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ധനസഹായമടക്കം മുടങ്ങുന്നുവെന്നും വില്ലേജ് ഓഫിസറെ സംബന്ധിച്ച് പൊതു പ്രവർത്തകരിൽ നിന്നു നിരന്തരം പരാതികൾ ലഭിച്ചതായാണ് എംഎൽഎ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞത്.
എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസറെ താലൂക്ക് മാറ്റി നിയമിക്കാനായിരുന്നു മന്ത്രിയുടെ നിർദേശം. മന്ത്രിയുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസറെ റവന്യു വകുപ്പ് പാലക്കാട് എൽഎഎൻഎച്ച് നമ്പർ 3 സ്പെഷൽ തഹസിൽദാരുടെ കാര്യാലയത്തിലെ സ്പെഷൽ റവന്യു ഇൻസ്പെക്ടർ തസ്തികയിലെ ഒഴിവിലേക്ക് നിയമിക്കുകയും ചെയ്തു. അന്യായമായ സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് വില്ലേജ് ഓഫിസർ സബിത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരിക്ക് തൽക്കാലം നിലവിലെ വില്ലേജിൽ തന്നെ തുടരാൻ ട്രൈബ്യൂണൽ അനുമതി നൽകി.