പാലക്കാട് ∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പി.സുരേഷ്കുമാറിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ വിശദാന്വേഷണത്തിനായി വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ ആവശ്യമനുസരിച്ചു മൂന്നു ദിവസത്തേക്കാണു തൃശൂർ സ്പെഷൽ വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്.
മന്ത്രിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട്ട് അദാലത്ത് നടക്കുന്നതിനിടെ, ഭൂമിയുടെ സ്കെച്ച് അനുവദിക്കാൻ പാലക്കയത്തെ അപേക്ഷകനോട് 2,500 രൂപ കൈക്കൂലി കൈപ്പറ്റുമ്പോഴാണു സുരേഷ്കുമാറിനെ പിടികൂടിയത്. പിന്നീട് മണ്ണാർക്കാട്ടുള്ള താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും ബാങ്ക് നിക്ഷേപ രേഖകളും കണ്ടെടുത്തു. ആകെ 1.06 കോടി രൂപയാണു സുരേഷിന്റെ കൈവശമുള്ളത്. കൈക്കൂലി ഇടപാടിനു പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നതുൾപ്പെടെ വിജിലൻസ് പരിശോധിക്കും.
ഇത്രയും പണം കയ്യിലുണ്ടായിട്ടും ഒട്ടും ചെലവാക്കാതെയാണു സുരേഷ്കുമാർ ജീവിച്ചിരുന്നതെന്നു വിജിലൻസ് പറഞ്ഞു.പ്രതിയുമായി ഇന്നു മുതൽ മൂന്നുദിവസം മണ്ണാർക്കാട് താലൂക്കിലെ വിവിധ ഇടങ്ങളിൽ തെളിവെടുക്കുമെന്നാണു സൂചന. വിശദമായ മൊഴി ഇന്നു രേഖപ്പെടുത്തും.