ചിറ്റൂർ ∙ കടയിൽ നിന്നു മാമ്പഴവും 190 രൂപയും മോഷ്ടിച്ചെന്ന് ആരോപിച്ചു ദലിത് ബാലനെ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു.എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ കെ.പ്രഭു (പരമശിവം - 42), ഭാര്യ ജ്യോതിമണി (34) എന്നിവരെയാണു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയായ 17 വയസ്സുകാരനെ മരത്തിൽ കെട്ടിയിട്ടു ചെരിപ്പും മരക്കഷണവും കൊണ്ടു മർദിക്കുകയും ജാതിപ്പേരു വിളിച്ച് അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.
മർദനമേറ്റ് അവശനായ ബാലനെ പിന്നീടു നാട്ടുകാർ ചേർന്നു ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിലാകെ അടിയേറ്റതിന്റെ പാടുകളുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മണ്ണാർക്കാട് എസ്‌സി–എസ്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മർദനത്തിന് ഒപ്പമുണ്ടായിരുന്ന പതിനാറു വയസ്സുകാരനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.