ADVERTISEMENT

പാലക്കാട് ∙ ‘‘വൈകിട്ട് ആറു കഴിഞ്ഞാൽ ഗേറ്റ് അടച്ചു വീട്ടിലിരിക്കണം. ഇടവഴികളും ഒഴിഞ്ഞ പ്രദേശങ്ങളും ലഹരിക്ക് അടിമകളായവരുടെയും സാമൂഹികവിരുദ്ധരുടെയും കൈയിലാണ്. കുട്ടികൾ വീടിനു പുറത്തിറങ്ങിയാൽ ആധിയാണ്.’’ നാട്ടിൻ പുറങ്ങളിൽ വരെ ലഹരി വസ്തുക്കൾ സുലഭമായതോടെ മനഃസമാധാനം നഷ്ടപ്പെട്ടെന്ന പരാതിയായിരുന്നു മലയാള മനോരമ നടത്തിയ ‘അരുത് ലഹരി’ ഫോൺ ഇൻ പരിപാടിയിൽ കൂടുതൽ കേട്ടത്. 

വാഹനങ്ങൾ തമ്മിൽ മുട്ടിയാലും ഉരസിയാലും മറുത്തൊരു ചോദ്യം ചോദിക്കാതെ ഡോർ പോലും തുറക്കാതെ രക്ഷപ്പെട്ടാൽ തടി കേടാവില്ലെന്നു കരുതുന്നവരും ഏറെയുണ്ട്. രാത്രി കാലങ്ങളിൽ ഇത്തരം തട്ടലും മുട്ടലും പതിവാണെങ്കിലും പലരും ചോദ്യം ചെയ്യാൻ ഇറങ്ങാറില്ല.

വണ്ടിയുടെ വരവു കണ്ടാൽ അറിയാമല്ലോ ഓടിച്ചവർ ലഹരിക്ക് അടിമപ്പെട്ടവനാണെന്ന്, വണ്ടിയുടെ പെയിന്റല്ലേ എന്നു നെടുവീർപ്പിട്ടു വേഗം വീടെത്താനാണു ശ്രമിക്കാറെന്നു ചിലർ പറയുന്നു.ജില്ലയിലെ ലഹരിച്ചങ്ങല പൊട്ടിച്ചെറിയാമെന്ന മനോരമയുടെ ആഹ്വാനം ഏറ്റെടുത്ത്, ജില്ലയിൽ ലഹരി വസ്തുക്കൾ സുലഭമായി കിട്ടുന്ന ഇടങ്ങളുടെ വിവരങ്ങളും വിളിച്ചവർ പങ്കുവച്ചു. 

ചുള്ളിമടയിൽ കച്ചവടം ഒരു പലചരക്കു കടയിൽ 

വീടിനോട് ചേർന്നുള്ള പലചരക്കു കടയിൽ എപ്പോൾ എത്തിയാലും കഞ്ചാവ്, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ലഭിക്കും. രാത്രി 12 വരെയും ഇവിടെ കച്ചവടം നടക്കുന്നുണ്ട്. വാളയാറിൽ നിന്നു സ്കൂൾ വിദ്യാർഥികൾ അടക്കം ഇവിടെ എത്തി ലഹരി വസ്തുക്കൾ വാങ്ങുന്നുണ്ട്. എക്സൈസ് ഇടയ്ക്കു പരിശോധനയ്ക്കു എത്തുമെങ്കിലും ഒന്നും കണ്ടെത്താറില്ല.  നാട്ടുകാർ ചോദ്യം ചെയ്താൽ പിന്നെ മറുപടി ചോദിക്കാൻ എത്തുന്നത് ഗുണ്ടകളാണ്.

ശ്മശാനത്തിലെ വിൽപന

പട്ടഞ്ചേരിയിലെ ഒരു സ്കൂളിനു പിന്നിലുള്ള ശ്മശാനത്തിന്റെ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന തകൃതിയാണ്. നാട്ടുകാർ എക്സൈസിലും പൊലീസിലും പരാതിപ്പെട്ടു മടുത്തു. ലഹരി സംഘത്തിന്റെ വലിയ ലോബിയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. തെക്കേക്കാട്ടിൽ പഞ്ചായത്ത് ഗ്രൗണ്ട് ആണു മറ്റൊരു കേന്ദ്രം. ഇവിടെ 5 ഏജന്റുമാർ വിൽപന നടത്തുന്നുണ്ടെന്നാണ് വിവരം.

ഷൊർണൂരിലെ വിൽപന റെയിൽവേ ട്രാക്കുകളിൽ

ഷൊർണൂർ നഗരസഭാ അംഗം പങ്കുവച്ചത്, റെയിൽവേ ട്രാക്കുകളിൽ നടക്കുന്ന ലഹരിക്കച്ചവടത്തെക്കുറിച്ചാണ്. ഷൊർണൂർ– വാടാനാംകുറിശ്ശി റെയിൽപാതയ്ക്കു സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വലിയ തോതിൽ വിൽപന നടക്കുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ളവരും ഇവിടെ ലഹരി വാങ്ങാനായി എത്തും. പൊലീസ് എത്തിയാൽ വേഗം രക്ഷപ്പെടാൻ കഴിയും. മറ്റു സ്ഥലങ്ങളിൽ നിന്ന് ട്രെയിൻ മാർഗം ലഹരി വസ്തുക്കൾ കൊണ്ടുവരാനുള്ള സൗകര്യവും ഇവിടെയുണ്ട്

ലക്കിടിയിലെ വിൽപന നമ്പർ ഇല്ലാ വണ്ടികളിൽ

ലക്കിടി കൂട്ടുപാത ഗേറ്റിനു സമീപം സ്ഥിരമായി പുലർച്ചെയ്ക്കും സന്ധ്യാ സമയങ്ങളിലും നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ എത്തുന്നുണ്ട്. മുൻപു സംശയകരമായി ഒന്നോ രണ്ടോ വാഹനങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ഒട്ടേറെ വാഹനങ്ങൾ ഇവിടെ എത്താറുണ്ട്.

പെരുങ്കുളത്ത് വഴി നടക്കാൻ കഴിയാതെ കുട്ടികളും

നല്ലേപ്പിള്ളി ജിഎൽപി സ്കൂളിന്റെ സമീപമുള്ള പെരുങ്കുളം ഭാഗത്തു കഞ്ചാവ് മാഫിയ വിളയാടുകയാണ്. ഇവരുടെ ശല്യം കാരണം സ്കൂൾ കുട്ടികൾക്ക് ഒറ്റയ്ക്കു നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. 

മാഫിയയിൽ സ്ത്രീകളും

വണ്ടിത്താവളം ഹയർ സെക്കൻഡറി സ്കൂളിനു 200 മീറ്റർ അകലെ പാറമേട് പ്രദേശത്ത് സ്ത്രീകൾ ഉൾപ്പെടെ ലഹരി മാഫിയയുടെ കണ്ണിയായി പ്രവർത്തിക്കുന്നുണ്ട്. പുലർച്ചെ 5 മണി മുതൽ വിൽപന ആരംഭിക്കും. വണ്ടിത്താവളത്ത് ചില സ്ഥലങ്ങളിൽ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ചും വിൽപന നടക്കുന്നുണ്ട്. വില്ലേജ് ഓഫിസിനു സമീപമുള്ള ചില കടകളിലും ഇവ ലഭിക്കും.

ഒളിപ്പിക്കുന്നത് കുറ്റിക്കാട്ടിലും കുഴികളിലും

മലമ്പുഴ വനിതാ ഐടിഐയുടെ പിൻവശത്ത് ചെറാട് ഭാഗത്ത് ലഹരി മാഫിയ സംഘം താവളമാക്കിയതോടെ വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു വീട്ടമ്മ പറയുന്നു. ഇവിടെ കുറ്റിക്കാടുകളിലാണു കൂടുതൽ പേരും ലഹരി ഒളിപ്പിക്കുന്നത്. ആവശ്യക്കാർ എത്തുമ്പോൾ കുറ്റിക്കാടുകളിൽ നിന്നും കുഴികളിൽ നിന്നും പൊതികൾ എടുത്തു നൽകും.

തിരിച്ചുപിടിക്കാനാകുമോ ഈ ജീവിതം?

മകനെ ചികിത്സിക്കാൻ ആരെങ്കിലും സഹായിക്കുമോ എന്നു ചോദിച്ചാണു  വടക്കഞ്ചേരി പന്നിയങ്കരയിൽ നിന്നുള്ള അമ്മ മനോരമ ‘അരുത് ലഹരി’ ഫോൺ ഇൻ പരിപാടിയിലേക്കു വിളിച്ചത്. ലഹരിക്ക് അടിമയായ മകന് 6 വർഷമായി ചികിത്സ നൽകുന്നുണ്ടെങ്കിലും ഫലം കണ്ടു തുടങ്ങിയിട്ടില്ല. ഉള്ളതെല്ലാം വിറ്റാണു കുടുംബം മകന്റെ ചികിത്സ നടത്തുന്നത്. ‘ഞാനും മോന്റെ അച്ഛനും സുഖമില്ലാത്തവരാണ്. ഞങ്ങളുടെ ചികിത്സ പോലും വേണ്ടെന്നു വച്ചു. ഇപ്പോഴും കടം വാങ്ങിയും മറ്റും ചികിത്സിക്കുന്നുണ്ട്. എന്നിട്ടും, അവന്റെ സൂക്കേട് മാത്രം മാറുന്നില്ല’ കണ്ണീരിൽ കുതിർന്ന വാക്കുകൾ കൊണ്ട് അമ്മ പറഞ്ഞു.

ആരോടും മിണ്ടാതെ ദിവസങ്ങൾ ഇരിക്കുന്ന മകൻ ചില ദിവസങ്ങളിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പോലെ പെരുമാറും. ‘‘24–ാം വയസ്സിൽ തൃശൂരിലെ ഒരു വർക്‌ഷോപ്പിൽ ജോലിക്കു പോയ ശേഷമാണു കുഞ്ഞിനെ ഞങ്ങൾക്കു നഷ്ടമായത്. 6 മാസത്തോളം മകന്റെ വരുമാനത്തിലാണു കുടുംബം കഴിഞ്ഞത്.

മകന്റെ പെരുമാറ്റത്തിൽ ചെറിയ പ്രശ്നങ്ങൾ തോന്നിയെങ്കിലും ആദ്യം കാര്യമാക്കിയില്ല. ലഹരി ഉപയോഗിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അതില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും ചികിത്സ മുടങ്ങും.’’ ചികിത്സിച്ചാൽ മകന്റെ അവസ്ഥയിൽ മാറ്റം വരുമോ എന്നായിരുന്നു അമ്മയ്ക്ക് അറിയേണ്ടിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com