പാലക്കാട് ∙ ഉള്ളം നിറയെ ഭക്തിയും കണ്ണിനാനന്ദവും നൽകി ശ്രീനിവാസ കല്യാണോത്സവം. വാദ്യമേളങ്ങളുടെ അകമ്പടിയോടെയും കൃത്യമായ ആചാര വിധികളോടെയും നടത്തിയ വെങ്കിടേശ്വരന്റെയും ശ്രീദേവിയുടെയും ഭൂദേവിയുടെയും വിവാഹചടങ്ങുകൾ കാണാൻ ആയിരങ്ങളാണെത്തിയത്. വെങ്കിടേശ്വര ഭഗവാന്റെ പെരുമ ലോകമാകെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തിരുമല തിരുപ്പതി ദേവസ്ഥാനം നടത്തുന്ന കല്യാണോത്സവത്തിന് പാലക്കാട്ട് ആതിഥ്യമേകിയത് ശ്രീനിവാസ ട്രസ്റ്റാണ്.
വിവാഹ ചടങ്ങുകളുടെ നടത്തിപ്പിനായി തിരുപ്പതി തിരുമല ദേവസ്ഥാനം ജോയിന്റ് എക്സിക്യൂട്ടിവ് ഓഫിസർ സദാ ഭാർഗവിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും പുരോഹിത സംഘവും എത്തിയിരുന്നു. മുഖ്യപുരോഹിതൻ എ.വേണുഗോപാല ദീക്ഷിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

ശനിയാഴ്ച രാത്രിയോടെ വെങ്കിടേശ്വരൻ, ശ്രീദേവി, ഭൂദേവി എന്നീ ഉത്സവമൂർത്തികളെ തിരുപ്പതിയിൽ നിന്ന് പാലക്കാട് എത്തിച്ചു. വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ ദേവരഥത്തിൽ ഇവരെ വിവാഹം നടക്കുന്ന വേദിയിലേക്ക് ആനയിച്ചു. രാവിലെ 6ന് ചടങ്ങുകൾ ആരംഭിച്ചു. സാധാരണ വിവാഹങ്ങളുടെ എല്ലാ ചടങ്ങുകളും ദേവ വിവാഹത്തിനും ഉണ്ടായിരുന്നു.
തിരുപ്പതിയിൽ നിന്നുള്ള സംഗീത, വാദ്യമേള വിദഗ്ധർ കല്യാണവേദിയെ ഉത്സവാന്തരീക്ഷത്തിലാക്കി.തോമാല സേവ, അർച്ചന, അഭിഷേകം, ദേവതവിഗ്രഹങ്ങളിൽ കാപ്പുകെട്ടലിനു സമാനമായ പ്രതിസാരബന്ധനം, മഹാസങ്കൽപം എന്നിവ നടത്തി. ചടങ്ങുകളുടെ ഭാഗമായി ശ്രീദേവി, ഭൂദേവി എന്നിവർക്ക് വെങ്കിടേശ്വര ഭഗവാൻ മംഗല്യധാരണം നടത്തി.
സിംഹാസനത്തിൽ ദേവന്റെ ഇരുവശത്തും ശ്രീദേവിയെയും ഭൂദേവിയെയും ഇരുത്തി ഭക്തിയോടെ മഹാആരതി നടത്തി. കെ.ആർ.ദേവദാസ്. സി.ആർ.വെങ്കടേശ്വരൻ, എൻ.എൻ.കൃഷ്ണൻ, അച്യുതൻ, പ്രകാശ്കുമാർ, കിഷോർ മന്നാടിയാർ, വിനോദ് ദാമോദരൻ, മിനി കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.