ADVERTISEMENT

പാലക്കാട് ∙ സ്പോർട്സ്മാൻ സ്പിരിറ്റോടെ മേഴ്സി കോളജിനെ നയിച്ച സിസ്റ്റർ ഡോ.ഗിസല്ല ജോർജ് നാളെ വിരമിക്കുന്നു. സംസ്ഥാനത്ത് പ്രിൻസിപ്പൽ പദവിയിൽ എത്തിയ ആദ്യത്തെ സന്യാസിനി കായിക അധ്യാപികയെന്ന ഖ്യാതിയോടെയാണ് 27 വർഷം നീണ്ട സേവനം പൂർത്തിയാക്കുന്നത്. ആലപ്പുഴ ചേർത്തല പട്ടണക്കാട് കാവിൽ കുടുംബത്തിൽ പരേതരായ വർഗീസിന്റെയും (ജോർജ്) കൊച്ചുത്രേസ്യയുടെയും പത്തു മക്കളിൽ ഏറ്റവും ഇളയവളായ സിസ്റ്റർ ഗിസല്ലയ്ക്ക് ചെറുപ്പം മുതൽ സ്പോർടിനോട് ഇഷ്ടമായിരുന്നു. രണ്ടാം ക്ലാസ് മുതൽ കായിക മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. ബന്ധുവും കായികാധ്യാപകനുമായിരുന്ന വി.എ.തോമസാണ് അന്നു പ്രചോദനവും വഴിത്തിരിവുമായത്.

തുടർന്നു ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പഠനകാലത്തും ഹൈജംപ്, ലോങ് ജംപ് തുടങ്ങിയ ഇനങ്ങളിലെല്ലാം മത്സരിച്ച് നേട്ടം കൈവരിച്ചിരുന്നു. ചേർത്തല സെന്റ് മൈക്കിൾ കോളജിൽ നിന്നു പ്രീഡിഗ്രിയും മധുര അളകപ്പ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ നിന്ന് എംഎഡും പൂർത്തിയാക്കിയ ശേഷമാണു പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിൽ നേടിയത്. മദർ തെരേസയുടെ ആത്മകഥ വായിച്ചതോടെ ദൈവവേലയ്ക്കായി ജീവിതം നീക്കിവയ്ക്കാൻ തീരുമാനിച്ചു. ‌1992ൽ സിഎംസി ജയ് ക്രിസ്റ്റോ പാലക്കാട് മഠത്തിലായിരുന്നു സന്യസ്ത പഠനം. ദീർഘകാലം മികച്ച കായിക അധ്യാപികയെന്ന നിലയിൽ പ്രവർത്തിച്ച ഗിസല്ല 2020 ജൂൺ ഒന്നിനാണു കോളജ് പ്രിൻസിപ്പൽ ആകുന്നത്.

എം.ഡി.താര, ജിഷി ജോസഫ്, രമേശ്വരി, റെജിമോൾ, കെ.രമ്യ തുടങ്ങിയവർ ഉൾപ്പെടെ ഓട്ടേറെ കായികതാരങ്ങൾ സിസ്റ്റർ ഗിസല്ലയുടെ ശിക്ഷണത്തിൽ വളർന്നു. കായിക അധ്യാപികയായിരുന്ന കാലത്താണു മേഴ്സി കോളജ് പലതവണ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച സ്പോർട്സ് കോളജ് എന്ന നേട്ടം സ്വന്തമാക്കിയത്. ബാസ്കറ്റ് ബോൾ ഏറെ ഇഷ്ടമുള്ളതിനാൽ സമയം കിട്ടുമ്പോഴെല്ലാം കോളജ് ഗ്രൗണ്ടിൽ വിദ്യാർഥികളോടൊപ്പം കളിക്കുന്ന ശീലവും സിസ്റ്റർ ഗിസല്ലയ്ക്കുണ്ട്. ഔദ്യോഗിക ജീവിതം അവസാനിച്ചാലും സ്പോർട്സും സാമൂഹിക പ്രവർത്തനങ്ങളും ജീവിതത്തിൽ തുടരുമെന്നു സിസ്റ്റർ ഗിസല്ല പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com