പാലക്കാട് ∙ ജില്ലയിലെ 5 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നു പ്രഖ്യാപിക്കും. പലയിടത്തും ഉപതിരഞ്ഞെടുപ്പു ഫലം നിർണായകമാണ്.
മുതലമട പഞ്ചായത്ത്: പറയപ്പള്ളം വാർഡ് 17
ആർക്കും ഭൂരിപക്ഷമില്ലാത്ത മുതലമട പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പറയമ്പള്ളം (17) വാർഡിലെ ഫലം നിർണായകമാണ്. 88.54 ശതമാനമാണ് ആകെ പോളിങ്. സിപിഎം അംഗത്തിനു സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. 2020ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി 4 വോട്ടിനാണ് എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
ഇത്തവണ സിപിഎമ്മിലെ എ.മുഹമ്മദ് മൂസയും യുഡിഎഫ് സ്വതന്ത്രനായി ബി.മണികണ്ഠനും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ പി.ഹരിദാസും മത്സരിക്കുന്നു. 20 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റ് ഒഴികെ സിപിഎമ്മിന് 8 അംഗങ്ങളും കോൺഗ്രസിന് 6 അംഗങ്ങളും ബിജെപി ചിഹ്നത്തിൽ വിജയിച്ച 3 അംഗങ്ങളും 2 സ്വതന്ത്ര അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന്റെയും ബിജെപി ചിഹ്നത്തിൽ മത്സരിച്ച 3 അംഗങ്ങളുടെയും പിന്തുണയോടെ സ്വതന്ത്ര അംഗങ്ങളാണ് അധ്യക്ഷയും ഉപാധ്യക്ഷനുമാണ് ഭരിക്കുന്നത്.
കരിമ്പ പഞ്ചായത്ത്: കപ്പടം ഒന്നാം വാർഡ്
കരിമ്പ പഞ്ചായത്തിലെ കപ്പടം ഒന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 70.14% പോളിങ്. യുഡിഎഫ് അംഗം അരുൺ അച്യുതനു ജോലി ലഭിച്ചതിനാൽ തുടർന്ന് രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ്–10, യുഡിഎഫ്–6, ബിജെപി–1 എന്നിങ്ങനെയാണ് കക്ഷിനില.
പെരിങ്ങോട്ടുകുറിശ്ശി: എട്ടാം വാർഡ് (ബമ്മണൂർ)
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എട്ടാം വാർഡിൽ (ബമ്മണൂർ)നടന്ന ഉപതിരഞ്ഞെടുപ്പിൽ 77.58 ശതമാനം വോട്ട് രേഖപ്പെടുത്തി. സിപിഐയും മുൻ എംഎൽഎ എ.വി.ഗോപിനാഥും പിന്തുണയ്ക്കുന്ന കോൺഗ്രസ് സ്വതന്ത്രസ്ഥാനാർഥി ആർ.ഭാനുരേഖ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സി.റീന, ബിജെപി സ്ഥാനാർഥി പി.ആർ.ബിന്ദു എന്നിവരാണ് കളത്തിൽ. പഞ്ചായത്തിൽ ഇപ്പോഴത്തെ കക്ഷിനില:ആകെ സീറ്റ് - 16. കോൺഗ്രസ് - 10, എൽഡിഎഫ് - 5.
ലക്കിടി പഞ്ചായത്ത്: അകലൂർ പത്താം വാർഡ്
ലക്കിടിപേരൂർ പഞ്ചായത്തിലെ പത്താം വാർഡായ അകലൂർ ഈസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 83.37 ശതമാനം പോളിങ്. എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച കെ. ഗോവിന്ദൻകുട്ടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി യു.പി. രവിയും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ടി. മണികണ്ഠനും ബിജെപി സ്ഥാനാർഥിയായി എം. വിശ്വനാഥനാണു മത്സര രംഗത്തുള്ളത്. ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല
കാഞ്ഞിരപ്പുഴ പഞ്ചായത്ത്: കല്ലമല മൂന്നാം വാർഡ്
കാഞ്ഞിരപ്പുഴ .പഞ്ചായത്തിലെ ഇടതു ഭരണത്തിനു നിർണായകമായ കല്ലമല മൂന്നാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 80.63 % പോളിങ്. മൂന്നാം വാർഡിലെ സിപിഐ അംഗം പി.പ്രമീള രാജിവെച്ചതിനെ തുടർന്നാണു ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഇതോടെ എൽഡിഎഫിലെ അംഗസംഖ്യ 10ൽ നിന്ന് ഒൻപതായി ചുരുങ്ങി. യുഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും അംഗങ്ങളാണുളത്. ഭരണം നടത്തണമെങ്കിൽ 10 സീറ്റുകൾ വേണം. സിപിഐയിലെ ജിനി മോൾ, ബിജെപിയിൽ ശോഭന പള്ളത്ത്, യുഡിഎഫ് സ്വതന്ത്ര വത്സല വിശ്വനാഥൻ എന്നിവരാണു മത്സരാർഥികൾ.