ADVERTISEMENT

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ അതേ വർഷത്തിലാണ് എനിക്കു വീട്ടിൽ നിന്നു മോചനം കിട്ടിയത്. അക്കൊല്ലം ജൂണിൽ ഒരു അഞ്ചു വയസ്സുകാരൻ സ്കൂളിൽ എത്തി. വിദ്യാലയം എന്റെ രണ്ടാം വീട്. അച്ഛന്റെ തോളിൽ മുൻവശത്തേക്കു കാലുകൾ നീട്ടി ഞാൻ ഇരുന്നു. ഇടതു കയ്യിൽ അച്ഛൻ തന്ന ലാലി മിഠായി ഇടയ്ക്കു ഞാൻ സ്വകാര്യമായി നക്കി. ഞാൻ ഗമയിൽ സ്കൂളിലേക്കു പുറപ്പെട്ടു. എനിക്ക് ചിലപ്പോൾ സന്തോഷവും കരച്ചിലും വന്നു. സ്കൂൾ വരാന്തയിൽ അച്ഛൻ എന്നെ ഇറക്കി. അച്ഛൻ തോർത്തെടുത്ത് കക്ഷത്തുവച്ച് വിനീതനായി നിന്നു. വരാന്തയിലേക്കു ശങ്കരൻ മാഷ് വന്നു. എന്താ ഗോവിന്ദാ ഈ ചെക്കനെ ഇവിടെ ഏൽപിക്കാനാ...? എന്റെ ആദ്യത്തെ വിദ്യാലയ ദിനം മനസ്സിൽ വിഭ്രാന്തിയുടെ പ്രവേശനോത്സവമായി.

നാലാം ക്ലാസിൽ ഹെഡ്മാസ്റ്റർ ശങ്കരൻ മാഷാണ് അധ്യാപകൻ. ദിവസവും വൈകുന്നേരം കേട്ടെഴുത്തിടും. ഒരു ദിവസത്തെ കേട്ടെഴുത്തിൽ എനിക്ക് മുഴുവൻ ശരിയായിരുന്നു. ശങ്കരൻ മാഷുടെ ശിക്ഷാരീതി ഒരു പ്രത്യേക തരത്തിലായിരുന്നു. തെറ്റു വരുത്തിയവർ വലതുകൈ മടക്കിപ്പിടിച്ചു മേശപ്പുറത്തു വയ്ക്കണം. ഒരു തെറ്റിന് ഒരടി. രണ്ടിനു രണ്ട്. മൂന്നിനു മൂന്ന്. പിന്നീട് എത്ര തെറ്റിയാലും മൊത്തം നാലടി. കേട്ടെഴുത്തിൽ തെറ്റു വരുത്തിയ എല്ലാവരും ചെന്ന് അടി ഏറ്റുവാങ്ങി. എല്ലാം ശരിയാക്കിയ എന്നെ ശങ്കരൻമാഷ് വിളിച്ചു. കൈ കാട്ട്. ഞാൻ മറ്റു കുട്ടികളെപ്പോലെ കൈ മടക്കി മേശപ്പുറത്തു വച്ചു. ഒരു ജേതാവിനെപ്പോലെ നിന്നിരുന്ന എന്റെ വിരൽ മുഴയിൽ മണിച്ചൂരലിന്റെ മുഴകൊണ്ട് അഞ്ച് അടി. എന്റെ കണ്ണിൽ പൊന്നീച്ച പാറി. എന്തിനാണ്?. മാഷോട് ചോദിക്കാൻ ധൈര്യമില്ല. ഞാൻ കൂട്ടുകാരോടു പറഞ്ഞു.

വൈകുന്നേരം മാഷ് പെരുങ്കുളത്തിൽ കുളിക്കാൻ പോകുമ്പോൾ തലയിൽ ഞാൻ നാളികേരമിടും. ചങ്ങാതിമാർ വിവരം മാഷേ അറിയിച്ചു. വൈകിട്ട് വലിയമ്മാവൻ എന്നെ വിളിപ്പിച്ചു. എത്തിയപ്പോൾ മാഷും അവിടെയുണ്ട്. ഞാൻ ആലില പോലെ വിറച്ചു. വലിയമ്മാവൻ ദേഷ്യം കൊണ്ട് അലറി. ഇവന്റെ കയ്യക്ഷരം മോശമാണ്. അതിനാണ് ശിക്ഷിച്ചതെന്നു മാഷ് പറഞ്ഞു. പിന്നീട് എത്രയോ ഇടവപ്പാതികൾ കഴിഞ്ഞു. ഞാൻ അധ്യാപകനായി. എന്റെ മകൾ നാലിൽ പഠിക്കുന്നു. മകൾ എഴുതുന്ന പാഠഭാഗങ്ങൾ തിരുത്തി നൽകുമായിരുന്നു. ഒരു ദിവസം തിരുത്തുന്നതിനിടയിൽ മകൾ പറഞ്ഞു. ‘അച്ഛാ, തെറ്റ് എന്താണെന്നു പറഞ്ഞു തന്നാൽ മതി, ഞാൻ തിരുത്തിക്കോളാം.’ അപ്പോൾ ഞാൻ ശങ്കരൻ മാഷിനെ കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com