ADVERTISEMENT

കഞ്ചിക്കോട് ∙ കേരളത്തിന്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർഥി സംഘം. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് യുവ സംഗമത്തിന്റെ ഭാഗമായി എത്തിയ സംഘം കേരള പര്യടനത്തിനു തുടക്കമിട്ടു. പാലക്കാട് ഐഐടിയിൽ എത്തിയ 43 അംഗ സംഘം ജൂൺ 7 വരെ കേരളത്തിലെ വിവിധ മേഖലകൾ സന്ദർശിച്ചു കേരളത്തിന്റെ കലാ, സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചു മനസ്സിലാക്കും. മോത്തിലാൽ നെഹ്‌റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും 5 പ്രതിനിധികളും വിദ്യാർഥികൾക്കൊപ്പമുണ്ട്.

സംഘത്തിന്റെ കേരള പര്യടനം പാലക്കാട് ഐഐടിയിൽ നടത്തിയ ചടങ്ങിൽ ഒളിംപ്യൻ എം.ഡി. വത്സമ്മ ഉദ്ഘാടനം ചെയ്തു. ഐഐടി ഡയറക്ടർ പ്രഫ.എ.ശേഷാദ്രി ശേഖർ അധ്യക്ഷനായി. ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് പ്രഫ. ജഗദീഷ് ബൈറി, റജിസ്ട്രാർ ഡോ.ഗണേഷ് നടരാജൻ, മോത്തിലാൽ നെഹ്‌റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധ്യാപകൻ ഡോ.രാജേഷ് ത്രിപാഠി, ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് കോഓർഡിനേറ്റർ ഡോ.സുഭാശിഷ് മിത്ര തുടങ്ങിയവർ പങ്കെടുത്തു..

ഇരു സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സാംസ്‌കാരിക, പാരമ്പര്യ അറിവുകളും ബന്ധങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു പര്യടനം സംഘടിപ്പിക്കുന്നത്. കാലടി ശ്രീശങ്കര സ്തൂപം, കോടനാട് ആന പരിശീലന കേന്ദ്രം, പറമ്പിക്കുളം, കുത്താമ്പുള്ളി കൈത്തറി ഗ്രാമം, മലമ്പുഴ ഡാം തുടങ്ങിയ ഇടങ്ങളിൽ പര്യടനം നടത്തുന്ന സംഘം വ്യവസായ മേഖലാ സന്ദർശനം, പ്രാദേശിക സമൂഹവുമായുള്ള ആശയ വിനിമയം തുടങ്ങിയവയും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com