പാലക്കാട് ∙ പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പുതുപുത്തൻ ബാഗും കുടകളുമായി കുട്ടികൾ ഇന്ന് വിദ്യാലയങ്ങളിൽ എത്തും. കലാപരിപാടികളടക്കം കുട്ടികളെ ആകർഷിക്കുന്ന വിവിധ പ്രവർത്തനങ്ങളുമായിട്ടാണു വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകൾ ഒരുങ്ങിയിരിക്കുന്നത്. ജില്ലയിലെ 1004 സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസുകളിലുള്ള 7,27,581 കുട്ടികളാണ് ഇന്ന് സ്കൂളിലെത്തുന്നത്.

സംസ്ഥാന തല പ്രവേശനോത്സവ ചടങ്ങുകൾ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കും. അതിനുള്ള സൗകര്യങ്ങളും സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. അതിനു ശേഷമാണ് സ്കൂൾ തല പ്രവേശനോത്സവ പരിപാടികൾ ആരംഭിക്കുന്നത്. ജില്ലാതല പ്രവേശനോത്സവം മലമ്പുഴ ജിവിഎച്ച്എസ്എസിൽ ഇന്ന് രാവിലെ 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാവും. വി.കെ.ശ്രീകണ്ഠൻ എംപി നവാഗതരെ സ്വീകരിക്കും. എ.പ്രഭാകരൻ എംഎൽഎ സൗജന്യ പാഠപുസ്തക വിതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ സൗജന്യ യൂണിഫോം വിതരണവും കലക്ടർ ഡോ.എസ്.ചിത്ര പ്രതിഭകളെ ആദരിക്കുകയും ചെയ്യും.
കുട്ടികൾ എത്തിത്തുടങ്ങി; ഹോസ്റ്റലുകൾ സജീവം
പാലക്കാട്∙ വേനലവധിക്കു ശേഷം ഊരുകളിൽ നിന്ന് തിരികെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കു ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾ എത്തിത്തുടങ്ങി. ഓണാവധി വരെ ഇനി ഹോസ്റ്റലുകളിൽ നിന്നാണ് ഇവരുടെ പഠനം. സ്കൂൾ തുറന്നാലും ആദ്യത്തെ ഒരു മാസം കുട്ടികൾ ഹോസ്റ്റലുകളിലേക്കു എത്തിക്കൊണ്ടിരിക്കും. ഉൾവനങ്ങളിലെ കുട്ടികളെ കണ്ടെത്തി സ്കൂളുകളിലേക്കു തിരികെ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ട്രൈബൽ പ്രമോട്ടർമാരും ഗോത്ര സാരഥി പ്രവർത്തകരും.
ട്രൈബൽ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനു വിദ്യാവാഹിനി പദ്ധതി പ്രകാരം വാഹനങ്ങളും തയാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ബാഗ്, യൂണിഫോം ഉൾപ്പെടെയുള്ളവയും ട്രൈബൽ സ്കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യും. കൊഴിഞ്ഞു പോക്കില്ലാതെ കുട്ടികളെ മുഴുവൻ സ്കൂളുകളിൽ എത്തിക്കാനാണ് പട്ടിക വർഗ വിഭാഗത്തിന്റെ ശ്രമം.