വാൽപാറ ∙ സംസ്ഥാന അതിർത്തിക്കടുത്തുള്ള മലക്കപ്പാറയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ വീടും വീടിനോടു ചേർന്ന തേയിലക്കടയും പൂർണമായും കത്തി നശിച്ചു. ആറുലക്ഷം രൂപ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു .ഇന്നലെ മൂന്നര മണിയോടെയാണ് സംഭവം. മലക്കപ്പാറ ലോവർ ഡിവിഷനിൽ ടീ കമ്പനിക്ക് മുൻവശത്ത് താമസിക്കുന്ന ഹുസൈൻ മങ്ങാടന്റെ വീടും അതിനോടു ചേർന്ന തേയിലക്കടയുമാണ് കത്തി നശിച്ചത്.

വിവരം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരും തോട്ടം തൊഴിലാളികളും എസ്റ്റേറ്റിന്റെ വൻ പൈപ്പ് ലൈൻ വലിച്ച് തീ അണയ്ക്കുവാൻ തുടങ്ങി. അവരോടൊപ്പം മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ എഎസ്ഐ കെ.കെ.ഷാജു,പൊലീസുകാരായ ആനന്ദ്,നിഫാദ് എന്നിവരും ചേർന്ന് തീ മറ്റു കടകളിലേക്കും പടരാതെ സൂക്ഷിച്ചു. തീ പിടിത്തതിന് കാരണം ഷോർട് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നു.