ADVERTISEMENT

പാലക്കാട് ∙ നെല്ലിന്റെ വില വിതരണത്തിൽ നിന്നു കേരള ബാങ്കിനെ ഒഴിവാക്കിയതു സപ്ലൈകോയ്ക്ക് പലിശ ഇനത്തിൽ കോടികളുടെ അധിക ബാധ്യത വരുത്തുന്നു. കേരള ബാങ്ക് 7.65% പലിശയ്ക്കു വായ്പ വാഗ്ദാനം ചെയ്തെങ്കിലും ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 8.5% പലിശ നിരക്കിലാണു സപ്ലൈകോ പണം വാങ്ങിയത്. 2000 കോടിയിലേറെ രൂപയാണ് ഒരു വർഷം നെല്ലിന്റെ വിലയായി സപ്ലൈകോ കർഷകർക്കു നൽകുന്നത്. കർഷകരിൽ നിന്നു സംഭരിക്കുന്ന നെല്ലിന്റെ ഈടിലാണു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പ സംഘടിപ്പിച്ചതെന്നും മറ്റൊരു ബാങ്കിനെ സഹകരിപ്പിക്കാൻ സാങ്കേതിക പ്രശ്നമുണ്ടെന്നും സപ്ലൈകോ പറയുന്നു.

നെല്ലിന്റെ വില നൽകാൻ മറ്റു വഴികളില്ലെന്നാണു സപ്ലൈകോ നിലപാട്. അതേസമയം, സിപിഐ നയിക്കുന്ന പൊതുവിതരണ വകുപ്പിനു കീഴിലുള്ള സ്ഥാപനം, സംസ്ഥാന സർക്കാരിന്റെ ബാങ്ക് എന്ന നിലയിൽ ആരംഭിച്ച കേരള ബാങ്കിനെ അവഗണിക്കുന്നുവെന്ന പരാതി ബാങ്ക് അധികൃതർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഒന്നാം വിളയ്ക്കു നെല്ലിന്റെ വില നൽകാൻ തുക തികയാതെ വന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് 200 കോടി രൂപ കേരള ബാങ്കിൽ നിന്നു സപ്ലൈകോയ്ക്കു വായ്പ ലഭ്യമാക്കിയിരുന്നു. മുൻ വർഷത്തെ കുടിശികയായ 268 കോടി രൂപ തിരിച്ചടയ്ക്കണമെന്ന ധാരണയിലാണു പുതിയ വായ്പ അനുവദിച്ചത്.

മാർച്ചിൽ സർക്കാരിൽ നിന്നു 400 കോടി രൂപ കിട്ടുമ്പോൾ കുടിശിക തീർക്കുമെന്നായിരുന്നു സപ്ലൈകോ അറിയിച്ചിരുന്നത്. എന്നാൽ ഇത് അടച്ചിട്ടില്ല. അതേസമയം, വില വിതരണത്തിന് ഇന്നലെ ഫെഡറൽ ബാങ്കുമായി സപ്ലൈകോ കരാർ ഒപ്പിട്ടു. നേരത്തെ കരാർ ഒപ്പുവച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാനറ ബാങ്കും വഴി വില വിതരണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ബാങ്കുകളിലും നിലവിൽ അക്കൗണ്ട് ഉള്ള കർഷകർക്കാണ് ആദ്യഘട്ടത്തിൽ തുക ലഭിക്കുക. ഇതര ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കു ലഭിക്കാൻ വ്യക്തമായ നിർദേശം വരേണ്ടതുണ്ട്. ഇപ്പോഴത്തെ നിർദേശങ്ങളിൽ അവ്യക്തത ഉള്ളതായി കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com