ഹലോ അയാം സൂപ്പർമാൻ..! സോറി... സൂപ്പർ ശ്രേയാൻ... നിങ്ങളുടെ സീനിയറാണ്. സൂപ്പർമാൻ ഉള്ളപ്പോൾ നിങ്ങൾ പേടിക്കേണ്ട. നിങ്ങളും സൂപ്പറല്ലേ....? പാലക്കാട് ഗവ.മോയൻ എൽപി സ്കൂളിൽ എത്തിയ ജൂനിയേഴ്സിനെ സ്വീകരിക്കാൻ സീനിയേഴ്സ് ഒരുങ്ങിയത് പല വേഷങ്ങളിൽ. സൂപ്പർമാനു പുറമേ പുലിയായും തത്തമ്മയായും അവർ സ്കൂളിൽ ആദ്യമായി എത്തിയ കുട്ടികളെ വിസ്മയിപ്പിച്ചു. ചിലർ പുലിയുടെ വാലിൽ പിടിച്ചു നോക്കി. മറ്റു ചിലർക്ക് തത്തമ്മയുടെ ചുണ്ടിൽ പിടിക്കണം. വാദ്യമേളങ്ങളുടെ അകമ്പടിക്കൊപ്പം നൃത്തം ചെയ്തും സമ്മാനങ്ങൾ നൽകിയുമാണ് സ്കൂളിലെ സൂപ്പർ താരങ്ങൾ കുട്ടിത്താരങ്ങളെ സ്വീകരിച്ചത്. മലമ്പുഴ കടുക്കാംകുന്നം ഗവ.എൽപി സ്കൂളിലെ അക്ഷര മുറ്റത്ത് എത്തിയ കുട്ടികളെ അക്ഷരമാല അണിയിച്ചും അക്ഷരദീപം കൊളുത്തിയും അധ്യാപകർ വരവേറ്റു. ജില്ലയിലെ സ്കൂളുകളിൽ എല്ലാം തന്നെ പ്രത്യേക പ്രവേശനോത്സവം സംഘടിപ്പിച്ചു. ഒന്നാം ക്ലാസിൽ എത്തിയ കുട്ടികളെ ആക്‌ഷൻ സോങ്ങും കഥകളും പറഞ്ഞു നൽകി അധ്യാപകർ കയ്യിലെടുത്തു. കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാനും അവസരം ഒരുക്കി.

നിരക്കിൽ തർക്കം; ‘വിദ്യാവാഹിനി’ നിരത്തിലിറങ്ങിയില്ല
അഗളി ∙ ആദിവാസി ഊരുകളിൽ നിന്നു കുട്ടികളെ സ്കൂളിലെത്തിക്കാൻ പട്ടികവർഗ വകുപ്പ് നടപ്പാക്കുന്ന വിദ്യാവാഹിനി പദ്ധതി ആദ്യ സ്കൂൾ ദിനത്തിൽ അട്ടപ്പാടിയിലെ പല വിദ്യാലയങ്ങളെയും തുണച്ചില്ല. അവധിക്കാലത്തു തന്നെ വാഹന ഉടമകളിൽ നിന്നു സ്കൂൾ അധികൃതർ ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും സർക്കാർ നിരക്കു കുറവാണെന്ന കാരണം പറഞ്ഞ് ഉടമകൾ പിന്മാറി. അധിക തുക രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ പട്ടികവർഗ വകുപ്പ് നിരാകരിച്ചിരുന്നു. ഊരുകളിൽ നിന്നു പരമാവധി ഒന്നര കിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്കാണു സൗകര്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഗോത്രസാരഥി എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പദ്ധതിയാണിത്. പദ്ധതിയിൽ പട്ടികവർഗക്കാരായ ഡ്രൈവർമാരെയും വാഹന ഉടമകളെയും ഉൾക്കൊള്ളിക്കാനാണു നിർദേശം. ഇവരുടെ അഭാവത്തിലേ മറ്റുള്ളവരെ പരിഗണിക്കൂ. പ്രാദേശിക നിരക്ക് ലഭിക്കണമെന്നാണു വാഹന ഉടമകളുടെ ആവശ്യം. 80% ആദിവാസി കുട്ടികൾ പഠിക്കുന്ന കാരാ ജിഎൽപി സ്കൂളിൽ 10 ഊരുകളിൽ നിന്നുള്ള കുട്ടികളാണ് എത്തേണ്ടത്. ആദ്യ ദിവസം കാര്യമായി കുട്ടികൾ സ്കൂളിലെത്തിയില്ലെന്നു പിടിഎ പ്രസിഡന്റ് പ്രേമചന്ദ്രൻ പറഞ്ഞു. അഗളി പഞ്ചായത്തിൽ കഴിഞ്ഞ വർഷം പദ്ധതി ഉപയോഗപ്പെടുത്തിയത് 900 കുട്ടികളാണ്. ഈ വർഷം ഹൈസ്കൂൾ കുട്ടികളെയും ഉൾപ്പെടുത്തിയതോടെ ആയിരത്തിൽ കൂടുതൽ കുട്ടികൾക്കു പദ്ധതിയുടെ ഫലം ലഭിക്കേണ്ടതാണ്.

പ്രവേശനോത്സവത്തിൽ തിളങ്ങി കഞ്ചിക്കോടിന്റെ ‘ത്രിരത്നങ്ങൾ’
കഞ്ചിക്കോട് ∙ ഒരുമിച്ചു പിറന്ന മൂന്നു പൊന്നോമനകൾ ഒന്നിച്ചു സ്കൂളിലെത്തിയ സന്തോഷത്തിലാണു കഞ്ചിക്കോട് അസീസി ഇംഗ്ലിഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ. കഞ്ചിക്കോട് ചുള്ളിമട സ്വദേശി ഫെലിക്സ് ഗ്രിഗറി–മറിയമ്മ ദമ്പതികളുടെ മക്കളായ ഷിമിയ പോൾ, ഷിജിയ പോൾ, ഷിനിയ പോൾ എന്നിവരായിരുന്നു സ്കൂളിലെ പ്രവേശനോത്സവത്തിലെ പ്രത്യേക അതിഥികൾ. 2017 മേയ് 29നാണു മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂവരും ജനിച്ചത്. ഫെലിക്സ് ഗ്രിഗറി കഞ്ചിക്കോട് എച്ച്പി പ്ലാന്റിലെ ജീവനക്കാരനാണ്. മറിയമ്മ വീട്ടമ്മയും. ഇവരുടെ മൂത്ത സഹോദരി ഷിബിയ പോൾ ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഒരുമിച്ചു പിറന്നതിനാൽ നാട്ടുകാരുടെ മുഴുവൻ വീട്ടിലെയും നാട്ടിലെയും കണ്ണിലുണ്ണികളാണു മൂവരും. അതിനാൽ ത്രിരത്നങ്ങളെ ആദ്യ ദിവസം സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾക്കൊപ്പം അയൽവാസികളും ഉണ്ടായിരുന്നു. ക്ലാസ് തുടങ്ങിയപ്പോൾ അധ്യാപകരെയും കൂട്ടുകാരെയും ഈ മിടുക്കികൾ കയ്യിലെടുത്തു. ഒ.ജി.ഉഷയാണു മൂവർ സംഘത്തിന്റെ ക്ലാസ് ടീച്ചർ.

ഇവർ ഞങ്ങളുടെ അതിഥികൾ.. കൂട്ടുകാർ
ഒറ്റപ്പാലം ∙ പുത്തനുടുപ്പും പാഠപുസ്തകങ്ങളുമായി സ്കൂളിലെത്തിയ കുഞ്ഞുസഹോദരങ്ങൾക്കു ഭാഷയുടെ അതിർവരമ്പുകളിലായിരുന്നു അമ്പരപ്പ്. വാണിയംകുളം ബിഇഎം എൽപി സ്കൂളിൽ പ്രവേശനം നേടിയ രാജസ്ഥാനി സഹോദരങ്ങളെ സഹപാഠികൾ അതിഥികളായല്ല, കൂട്ടുകാരായാണു ചേർത്തുപിടിച്ചത്. രാജസ്ഥാനിലെ ചിറ്റോർഗർ ജില്ലക്കാരായ ശാന്തിലാൽ, രുഗ്മിണി ഭായ് ദമ്പതികളുടെ മക്കളായ പുഷ്കർലാൽ ബീൽ (10), ദിനേശ് (9) എന്നിവരാണു മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചത്. പുഷ്കർലാൽ ബീൽ നാലാം ക്ലാസിലും ദിനേശ് മൂന്നിലും അധ്യയനം തുടങ്ങി. 6 മാസം മുൻപു വാണിയംകുളത്തെത്തിയ കുടുംബം വാടക വീട്ടിലാണു താമസം. ടൗണിൽ പാനിപൂരി കച്ചവടം നടത്തുകയാണു ശാന്തിലാൽ. ഹിന്ദിയിലും മലയാളത്തിലുമായി ആശയവിനിമയം നടത്തി ഇരുവരെയും പഠിപ്പിക്കാനാണ് അധ്യാപകരുടെ ശ്രമം.

കേരള സ്കൂളുകൾ നമ്പർ 1: മന്ത്രി
ഇന്ത്യയിലെ സ്‌കൂളുകളിൽ 100% ഇന്റർനെറ്റ് ഉള്ള ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ജില്ലാതല പ്രവേശനോത്സവം മലമ്പുഴ ജിവിഎച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി, മാലിന്യം എന്നീ രണ്ട് വിപത്തുകൾക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽ നിന്നു വേണം തുടങ്ങാനെന്നും ലഹരി മാഫിയയുടെ സാന്നിധ്യം സ്കൂൾ പരിസരത്തുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. എ.പ്രഭാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ സൗജന്യ യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്തു. കലക്ടർ ഡോ.എസ്.ചിത്ര പത്താം ക്ലാസ്, പ്ലസ് ടു വിജയികളെ ആദരിച്ചു. മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ.സുജാത, അഞ്ജു ജയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ് കുമാർ, കെ.ജയപ്രകാശ്, പി.കെ.മണികണ്ഠൻ, ഡി.ജയപ്രകാശ്, അജിതാ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

അ: അമ്മ, മ: മലയാളം
കഞ്ചിക്കോട് ∙ പതിവു തെറ്റാതെ മലയാളത്തിന്റെ അക്ഷര മധുരം നുകരാൻ കഞ്ചിക്കോട് ഗവ.എൽപി സ്കൂളിൽ ഇക്കുറിയും അതിഥിത്തൊഴിലാളികളുടെ മക്കളെത്തി. 18 കുട്ടികളാണു ഒന്നാം ക്ലാസിൽ ഇക്കുറി പ്രവേശനം നേടിയത്. ഇതോടെ സ്കൂളിൽ ഇതര സംസ്ഥാനങ്ങളിലെ കുട്ടികളുടെ എണ്ണം നൂറോളമായി. ബിഹാർ, അസം, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തി വ്യവസായമേഖലയിൽ ജോലി ചെയ്യുന്നവരുടെ മക്കളാണിവർ.

20 വർഷത്തിനു ശേഷം മോയൻസിൽ പുതിയ യൂണിഫോം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന ഗവ.മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത മാസം മുതൽ ജെൻഡർ ന്യൂട്രൽ യൂണിഫോം അണിഞ്ഞു കുട്ടികൾ എത്തും. യൂണിഫോം വിതരണം വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. 20 വർഷത്തിനു ശേഷമാണു സ്കൂളിലെ യൂണിഫോം മാറ്റുന്നത്. 5 മുതൽ 9 വരെയുള്ള 3300 കുട്ടികളുടെ യൂണിഫോമാണ് ആദ്യ ഘട്ടത്തിൽ മാറുന്നത്. നീല പ്ലാന്റും ചെക്ക് ഷർട്ടും കോട്ടുമാണ് പുതിയ യൂണിഫോം. 10–ാം ക്ലാസിലെ കുട്ടികൾക്ക് യൂണിഫോംമാറ്റം നിർബന്ധമാക്കിയിട്ടില്ല. താൽപര്യമുള്ളവർക്കു പുതിയ യൂണിഫോം വാങ്ങി ഉപയോഗിക്കാം. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ യൂണിഫോം സംബന്ധിച്ചു പ്രവേശന നടപടികൾ പൂർത്തിയാക്കുമ്പോൾ തീരുമാനമെടുക്കും. ഒരു മാസം സ്കൂൾ ഐഡി കാർഡ് ഉപയോഗിച്ചു കുട്ടികൾക്ക് ബസ് കൺസഷൻ അനുവദിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയിൽ തീരുമാനമായിട്ടുണ്ട്.