ADVERTISEMENT

പാലക്കാട്∙ ആകാശത്തിരുന്ന് അവർ കാണും; താഴെ തങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുന്ന ഭൂമിയെ. മാലിന്യം നീക്കി നാട് വെടിപ്പാക്കുന്നതിനിടയിൽ നിഴൽ വീഴ്ത്തി പറന്നു പോകുന്ന വിമാനങ്ങളെ നോക്കി അതിലൊന്നു കയറാൻ അവർ കൊതിച്ചിരുന്നു ഇന്നലെ വരെ. അവരിൽ 25 പേർ ഇന്ന് ആഗ്രഹം സഫലമാക്കുന്നതിന്റെ സന്തോഷത്തിലാണ്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിലെ 25 ഹരിതകർമ സേന അംഗങ്ങൾ ഇന്ന് വിമാനത്തിൽ പറക്കും.

നെടുമ്പാശേരിയിൽ നിന്നു ബെംഗളൂരുവിലേക്ക്. നാലു മാസം ഹരിതകർമസേനാംഗങ്ങൾ ശമ്പളത്തിൽ നിന്നു മാറ്റിവച്ച തുക ഉപയോഗിച്ചാണ് യാത്ര. ഐആർടിസി അസിസ്റ്റന്റ് കോഓർഡിനേറ്റർ നിഷ സജിത്ത് ആണ് ഇവരുടെ വിമാന യാത്ര എന്ന ആഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയത്.

കഴിഞ്ഞ 17ന്  ഗോ ഫസ്റ്റ് വിമാനത്തിൽ സംഘം ടിക്കറ്റ് എടുത്തെങ്കിലും കമ്പനി വിമാന സർവീസ് നിർത്തിയതിനാൽ യാത്ര മുടങ്ങി. ടിക്കറ്റ് നിരക്ക് തിരികെ നൽകുമെന്നു കമ്പനി അറിയിച്ചെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. പണം ലഭിക്കുന്നത് നോക്കിയിരുന്നാൽ യാത്ര നീളുമെന്നായതോടെ നിഷ തന്നെ അംഗങ്ങളുടെ ടിക്കറ്റിനുള്ള പണം കണ്ടെത്തി.

ലാൽബാഗ്, ബെംഗളൂരു പാലസ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ഇന്നു രാത്രി തന്നെ സംഘം മടങ്ങും. ട്രെയിനിലാണ് മടക്കം. മന്ത്രി എം.ബി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് എന്നിവരും അംഗങ്ങൾക്ക്  ആശംസ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com