പാലക്കാട് ∙ മലമ്പുഴ ഡാമിൽ നിന്നു ശുദ്ധജല വിതരണത്തിനുള്ള ജലം പമ്പു ചെയ്തെടുക്കുന്ന വാൽവിൽ (ഇൻടേക് വാൽവ്) അടിഞ്ഞ മരത്തടികളടക്കമുള്ള തടസ്സങ്ങൾ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ജല അതോറിറ്റി നീക്കിത്തുടങ്ങി. ഡാമിൽ 94 അടി നിരപ്പിലാണ് ഇൻടേക് വാൽവ് ഉള്ളത്. മലമ്പുഴ ഡാമിൽ നിന്ന് പുതുശ്ശേരി പ്ലാന്റിലേക്കുള്ള വെള്ളം പമ്പു ചെയ്തെടുക്കുന്നത് ഈ വാൽവ് വഴിയാണ്. ഇവിടെ നിന്നു വെള്ളം പുതുശ്ശേരിയിലുള്ള 8 ദശലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ചാണ് പുതുശ്ശേരി, വടകരപ്പതി പഞ്ചായത്തുകളിലേക്കു വിതരണം ചെയ്യുന്നത്.
ഇതിനു പുറമെ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് പഞ്ചായത്തുകളിലേക്കും ഈയിടെ ഇതേ വാൽവ് വഴി ജലം എടുക്കാൻ തുടങ്ങി. ഇത്തരത്തിൽ പമ്പു ചെയ്തെടുക്കുന്ന ജലം മലമ്പുഴയിലുള്ള 9, 12.5 ദശലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റിൽ എത്തിച്ചു ശുദ്ധീകരിച്ച ശേഷമാണ് അതതു പഞ്ചായത്തുകളിലേക്കു വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ പരീക്ഷണ പമ്പിങ് തുടങ്ങി അധികനാൾ കഴിയും മുൻപ് പ്ലാന്റിലേക്കാവശ്യമായ ജലം കിട്ടാത്ത സ്ഥിതിയുണ്ടായി. തുടർന്നു ജല അതോറിറ്റി നടത്തിയ പ്രാഥമിക പരിശോധനയിലാണ് വാൽവിൽ തടസ്സം ഉണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തിയത്.
ഡാം കെട്ടിനോടു ചേർന്ന് അടിത്തട്ടിൽ നിന്ന് പ്രത്യേക വാൽവ് വഴിയാണ് ശുദ്ധജലത്തിനുള്ള വെള്ളം പമ്പ് ചെയ്തെടുക്കുന്നത്. ഈ വാൽവിൽ ആരംഭ ഘട്ടം മുതൽ പലയിടത്തും തടസ്സങ്ങൾ പ്രതിരോധിക്കാനുള്ള വെന്റിലേറ്ററുകൾ ഉണ്ടെങ്കിലും ഇതിലൊന്നു കാലപ്പഴക്കത്താൽ താഴേക്കു വീണു കിടക്കുകയായിരുന്നു. ഇതുവഴി ഡാമിൽ അടിഞ്ഞു കിടക്കുന്ന മരത്തടി അടക്കമുള്ള തടസ്സങ്ങൾ വാൽവിലെത്തി. ഇതോടെയാണ് പമ്പിങ് തടസ്സപ്പെട്ടത്. ഡാമിൽ മുങ്ങിയുള്ള തടസ്സം നീക്കൽ ഏറെ കഠിനമാണ്.
ഈ വാൽവ് നിർമിച്ചതു മുതൽ ഇതുവരെ തടസ്സം നീക്കിയിട്ടില്ല. മുൻപ് പാലക്കാട് പ്ലാന്റിലേക്കുള്ള വാൽവിന്റെ തടസ്സങ്ങൾ നീക്കിയിരുന്നു. പുതുശ്ശേരി പ്ലാന്റിലേക്കുള്ള വാൽവിന്റെ തടസ്സം നീക്കൽ ഇന്നും തുടരും.