ബൈക്കിലെത്തി മാലപൊട്ടിക്കൽ: ചികിത്സയ്ക്കായി പരോളിലിറങ്ങിയ യുവാവ് ഉൾപ്പെടെ 2 പേർ പിടിയിൽ
Mail This Article
ഷൊർണൂർ ∙ കഞ്ചാവ് കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ചികിത്സയ്ക്കായി പരോളിലിറങ്ങിയ പ്രതി ഉൾപ്പെടെ ബൈക്കിലെത്തി മാല പൊട്ടിച്ച രണ്ടംഗ സംഘം പിടിയിൽ. പനയൂരിൽ ബൈക്കിലെത്തി യുവതിയുടെ മാലപൊട്ടിച്ച കേസിൽ നെല്ലായ പുലാക്കാട് പാർക്കതൊടിയിൽ നിയാമുദ്ദീൻ (29), വളാഞ്ചേരി ആതവനാട് അനന്താവൂർ പള്ളിക്കാടൻ അനൂപ് (സൽമി–24) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 24നു പനയൂർ ദുബായ്പടിയിൽനിന്നാണ് വാണിയംകുളം കിഴക്കേ മാർക്കശ്ശേരി നിഷയുടെ 4 പവന്റെ മാല ഇവർ കവർന്നത്. അക്രമത്തിനിടെ നിഷ ഓടിച്ച ബൈക്ക് മറിയുകയും ചെയ്തു.
പാലക്കാട് കസബ, തേഞ്ഞിപ്പലം, പട്ടാമ്പി, കണ്ണൂർ ടൗൺ, കൊച്ചി ഇൻഫോപാർക്ക് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും പ്രതികൾക്കെതിരെ സമാന കേസുകളുണ്ടെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു. അനൂപ് (സൽമി–24) കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിൽ ഇറങ്ങിയത്.
ജയിലിൽനിന്നു പരിചയപ്പെട്ട നിയാമുദ്ദീനുമായി ചേർന്ന് മാലപൊട്ടിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പർ കൺമഷി ഉപയോഗിച്ചു പലവട്ടം തിരുത്തിയായിരുന്നു യാത്ര. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഷൊർണൂർ എസ്ഐ പി.സേതുമാധവൻ, എസ്ഐമാരായ ജോളിജോസഫ്, പി.അബ്ദുൽ റഷീദ്, ഉദ്യോഗസ്ഥരായ അനീഷ്, പി.സുഭാഷ്, ഷമീർ, സ്മിജേഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിൽ.