ADVERTISEMENT

പെരുവെമ്പ് ∙ കുടുംബവിശേഷങ്ങളും നീതിന്യായ വ്യവസ്ഥയിലെ നിരീക്ഷണങ്ങളും പങ്കുവച്ച് ന്യായാധിപൻമാരുടെ കൂടിക്കാഴ്ച. സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് കെ.വി.വിശ്വനാഥൻ തന്റെ മുൻഗാമിയായ ജസ്റ്റിസ് പി.കെ.ബാലസുബ്രഹ്മണ്യനെ പെരുവെമ്പ് കിഴക്കേഗ്രാമത്തിലെ അഗ്രഹാരത്തിൽ കാണാനെത്തിയതു പിതാവ് കെ.വി.വെങ്കിട്ടരാമനും അമ്മ ലളിതയ്ക്കുമൊപ്പമാണ്. രണ്ടു കുടുംബങ്ങളും തമ്മിൽ ഏറെ കാലത്തെ ബന്ധമുണ്ട്. ജസ്റ്റിസ് ബാലസുബ്രഹ്മണ്യന്റെ മകൻ അഡ്വ. പി.ബി.സുബ്രഹ്മണ്യൻ ന്യൂഡൽഹിയിൽ കെ.വി.വിശ്വനാഥനൊപ്പം പ്രാക്ടിസ് ചെയ്തിരുന്നു.പരസ്പരം കുടുംബവിശേഷങ്ങൾ ചോദിച്ചറിയുകയും പഴയ ഫോട്ടോകൾ നോക്കുകയും ചെയ്ത ശേഷം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ജസ്റ്റിസ് ബാലസുബ്രഹ്മണ്യന്റെ ഭാര്യ എസ്.ഗീത, മക്കളായ അഡ്വ.പി.ബി.കൃഷ്ണൻ, പി.ബി. ശിവരാമകൃഷ്ണൻ, അഡ്വ.പി.ബി.സുബ്രഹ്മണ്യൻ എന്നിവരും കുടുംബാംഗങ്ങളും ചേർന്നു സ്വീകരിച്ചു.

palakkad-kv-vishwanath
ജന്മനാടായ പാലക്കാട് കൽപാത്തി അഗ്രഹാരത്തിൽ ക്ഷേത്രദർശനത്തിനെത്തിയ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.വി.വിശ്വനാഥനെ ഗ്രാമസമൂഹം ഭാരവാഹികളും ഗ്രാമക്കാരും ചേർന്ന് പൂർണകുംഭത്തോടെ സ്വീകരിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് കെ.വി.വെങ്കിട്ടരാമൻ, അമ്മ ലളിത എന്നിവർ സമീപം. ചിത്രം: മനോരമ

കൽപാത്തിയുടെ ആദരം 

കൽപാത്തി ∙ കൽപാത്തിയുടെ പെരുമ വീണ്ടും ഉയർത്തിയ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് കെ.വി.വിശ്വനാഥന് ജന്മനാടിന്റെ ആദരം. കൽപാത്തി പന്ത്രണ്ടാം തെരുവ് ഗ്രാമജന സമൂഹമാണു സ്വീകരണം ഒരുക്കിയത്. അച്ഛന്റെ നാടായ കൽപാത്തി എന്ന പ്രിയപ്പെട്ട അഗ്രഹാരത്തിന് തന്റെ ഹൃദയത്തിൽ എന്നും പ്രത്യേക സ്ഥാനണ്ടെന്ന് അദ്ദേഹം പറഞ്ഞു.  സുപ്രീംകോടതി ജഡ്ജിയായ മകനു സ്വന്തം ഗ്രാമം നൽകിയ ആദരം കാണാൻ പിതാവ് കൽപാത്തി പന്ത്രണ്ടാംതെരുവ് ഗ്രാമസമൂഹം അംഗമായിരുന്ന മുതിർന്ന അഭിഭാഷകൻ കെ.വി.വെങ്കിട്ടരാമനും അമ്മ ലളിതയും എത്തിയിരുന്നു. പന്ത്രണ്ടാം തെരുവിലെ ബദരീയാശ്രമം ആയിരുന്നു ഇവരുടെ കുടുംബ വീട്.  ഈ വീട് പിന്നീട് അഡ്വ.വി.എസ്.മുത്തുസ്വാമി വാങ്ങി. ഇദ്ദേഹത്തിന്റെ കുടുംബവുമായി ഇപ്പോഴും ജസ്റ്റിസ് കെ.വി.വിശ്വനാഥന് അടുത്ത ബന്ധമുണ്ട്. മാതാ, പിതാ, ഗുരു ദൈവം... ഇവരുടെ അനുഗ്രഹം ജീവിതത്തിൽ പരമപ്രധാനമെന്നു സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ ജസ്റ്റിസ് കെ.വി.വിശ്വനാഥൻ പറഞ്ഞു.

മാതാപിതാക്കളുടെയും കുടുംബത്തിന്റെയും, സഹപ്രവർത്തകരുടെയും അഭിഭാഷക രംഗത്തെ ഗുരുക്കൻമാരുടെയും പിന്തുണയാണു തന്നെ ഇവിടെവരെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മണപ്പുള്ളിക്കാവിൽ ദർശനം നടത്തിയ ശേഷം കൽപാത്തി ക്ഷിപ്രപ്രസാദ മഹാഗണപതി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെയും മാതാപിതാക്കളെയും വേദഘോഷങ്ങളോടെ പൂർണകുംഭം നൽകി സ്വീകരിച്ചു. ഗ്രാമജന സമൂഹം പ്രസിഡന്റ് ഇ.പി.രാമചന്ദ്രൻ, സെക്രട്ടറി അഡ്വ.വി.എം.പ്രസാദ്, വി.എം.പ്രകാശ്, സി.ജി.ശ്രീരാം, സേതുരാമൻ, കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ജസ്റ്റിസ് വിശ്വനാഥനെ മാനേജിങ് ട്രസ്റ്റി വി.കെ.മണികണ്ഠ വർമ സ്വീകരിച്ചു.

രാമധ്യാനമഠത്തിലും അദ്ദേഹം സന്ദർശനം നടത്തി. കെ.ജി.കൃഷ്ണൻ, എ.ജി.വെങ്കിടേശ്വര ശർമ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.  തുടർന്നു പന്ത്രാംതെരുവ് ഗ്രാമജനസമൂഹം നൽകിയ സ്വീകരണത്തിൽ പാലക്കാട്ടെയും ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെയും ഭാരവാഹികൾ അദ്ദേഹത്തെ ആദരിച്ചു.  ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിൽ അടുത്ത വർഷം നടക്കുന്ന നവീകരണകലശ കുംഭാഭിഷേകത്തിന്റെ മംഗള പത്രികാ സമർപ്പണവും പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കാഞ്ചികാമകോടി പീഠം ശ്രീ ശങ്കരാചാര്യ സേവാ സമിതി ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള 25–ാം വർഷ പാലക്കാട് ഭജനോത്സവത്തിന്റെ മംഗളപത്രിക പ്രകാശനവും ജസ്റ്റിസ് കെ.വി.വിശ്വനാഥൻ നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസും ആശംസ അർപ്പിക്കാൻ എത്തിയിരുന്നു. 

‘സാഹോദര്യത്തിനു പ്രസക്തിയേറുന്ന കാലം’

ഈ യാത്രയിൽ ഇതുവരെ വാദവും പ്രതിവാദവും ആയിരുന്നു. ദീർഘകാലം അഭിഭാഷകനായിരുന്നു. ഇനിയങ്ങോട്ട് കേൾവിക്കാരനായി പുതിയ ഉത്തരവാദിത്തവും ജോലിയുമാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ പുതിയ ഉത്തരവാദിത്തം ചുമതലയായി ഏറ്റെടുക്കാനാണ് ഇഷ്ടം. അതിന് കൽപാത്തി ക്ഷിപ്രപ്രസാദ ഗണപതിയുടെയും വിശ്വനാഥ സ്വാമിയുടെയും അനുഗ്രഹം തേടിയാണ് എത്തിയത്. ജനങ്ങളുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് ജസ്റ്റിസ് കെ.വി.വിശ്വനാഥൻ പറഞ്ഞു. കൊല്ലത്തിലൊരിക്കൽ കൽപാത്തിയിലും മണപ്പുള്ളിക്കാവിലും വരാറുണ്ട്. ഭരണഘടനാ മൂല്യങ്ങളിൽ പ്രധാനപ്പെട്ട സാഹോദര്യം ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തവും അനിവാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com