ADVERTISEMENT

പാലക്കാട് ∙ 40 വയസ്സു കഴിഞ്ഞവർക്കു ഗെസ്റ്റ് അധ്യാപകരായി പോലും നിയമനം നിഷേധിക്കുന്നു. സ്കൂളുകളിൽ നിന്നുള്ള നിയമന ഉത്തരവുകൾ റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് തള്ളുകയാണ്. ബിഎഡ് ബിരുദമുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തുനിൽക്കുമ്പോഴും സ്കൂളുകളിൽ സ്ഥിരനിയമനം നടത്തുന്നില്ല. ഈ വർഷവും ഒഴിവുള്ള തസ്തികകളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിച്ചു ക്ലാസ് നടത്താനാണു തീരുമാനം. ശമ്പളം പകുതി പോലും വേണ്ട, ആനുകൂല്യങ്ങൾ നൽകേണ്ട; ഇതാണു സർക്കാർ ലാഭമായി കാണുന്നത്. അതിനൊപ്പം ഗെസ്റ്റ് അധ്യാപകർക്കു പ്രായപരിധി കർശനമായി നടപ്പാക്കുന്നതോടെ യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ മറ്റു ജോലികൾ തേടേണ്ടി വരും.

ജനറൽ വിഭാഗത്തിനു 40 വയസ്സും ഒബിസി 43, എസ്​സി, എസ്ടി 45 എന്നിങ്ങനെയുമാണു പരിധി നിശ്ചയിച്ചിരിക്കുന്നത്. 2014ൽ അനുവദിച്ച ഹയർ സെക്കൻഡറി ബാച്ചുകളിൽ തുടർച്ചയായി ഗെസ്റ്റ് അധ്യാപകരായി ജോലി ചെയ്തവർക്കു മാത്രം സർക്കാർ നിലവിലെ പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിരമിച്ച 60 വയസ്സിൽ താഴെയുള്ള അധ്യാപകർക്കും ഇളവു ബാധകമാണ്. പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറയ്ക്കാനായി ഒന്നാം പിണറായി സർക്കാർ, പ്രിൻസിപ്പൽമാരുടെ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ ഉത്തരവിട്ടിരുന്നു.

യോഗ്യരായ അധ്യാപകരെ കണ്ടെത്തിയാലും പ്രായം കഴിഞ്ഞെന്ന കാരണത്താൽ നിയമനം റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസുകളിൽ നിന്നു തള്ളുകയാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും കൃത്യസമയത്തു നിയമനം നടക്കാത്തതിനാൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ട് ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്ന എറണാകുളം പിറവത്തെ എ.ആർ.ഷർമിള, തന്റെ നിയമനാംഗീകാരം നിരസിച്ചതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകിയിരുന്നു. 44 വയസ്സായെന്നു കാട്ടിയാണു നിയമനം സർക്കാർ നിരസിച്ചത്. വിഷയത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com