ADVERTISEMENT

പാലക്കാട് ∙ കോൺഗ്രസ് പുനഃസംഘടനയുടെ പേരിലുള്ള തർക്കത്തെത്തുടർന്നു ജില്ലയിലെ യുഡിഎഫ് കൺവീനറും മുതിർന്ന എ ഗ്രൂപ്പ് നേതാവുമായ പി.ബാലഗോപാൽ രാജിവച്ചു. ജില്ലയിൽ ചർച്ച ചെയ്ത പേരുകൾ പലതും അട്ടിമറിച്ചാണു ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതെന്ന് ആരോപിച്ചാണു പുനഃസംഘടന ഉപസമിതി അംഗം കൂടിയായ ബാലഗോപാൽ ഒഴിയുന്നത്. എ ഗ്രൂപ്പിലെ എതിരഭിപ്രായങ്ങളും രാജിക്കു കാരണമായി.കെപിസിസിയിലെ ചിലരെ സ്വാധീനിച്ചു ജില്ലയിൽ നിന്നുള്ള പട്ടിക അട്ടിമറിച്ചെന്നു ബാലഗോപാലിനെ അനുകൂലിക്കുന്നവർ പറയുന്നു. വനിതാ പ്രാതിനിധ്യമില്ല. സമുദായ സമവാക്യങ്ങളും പാലിച്ചില്ല. ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റായി മുൻ നഗരസഭാധ്യക്ഷ കെ.എ.ഷീബയുടെ പേരാണു പരിഗണിച്ചത്. എന്നാൽ, ജില്ലയിൽ ചർച്ച ചെയ്യാതിരുന്ന കെ.മധുവിനെയാണു നിയമിച്ചത്.

കുഴൽമന്ദം ബ്ലോക്ക് പ്രസിഡന്റായി ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ച വ്യക്തിയെ മാറ്റി ഡിസിസി പ്രസിഡന്റിന്റെ അടുപ്പക്കാരനു സ്ഥാനം നൽകി. പുതുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തും ഇതുപോലെ സംഭവിച്ചു. എ ഗ്രൂപ്പ് ചിലർ ഫാൻസ് അസോസിയേഷൻ പോലെ കൊണ്ടുനടക്കുന്നതായി ബാലഗോപാലിനെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നു. ഇതു പ്രധാനമായും ഷാഫി പറമ്പിൽ എംഎൽഎയെ ഉന്നം വച്ചാണ്. പാലക്കാട് ബ്ലോക്ക് പ്രസി‍ഡന്റ് സ്ഥാനത്തേക്കു ഷാഫിയെ പിന്തുണയ്ക്കുന്ന വ്യക്തിയെ നിയമിച്ചതു ഗ്രൂപ്പ് തീരുമാനമല്ല. നേരത്തെ ഗ്രൂപ്പിലെ അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമായി മുതിർന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗം ബാലഗോപാലിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിരുന്നു.

നെന്മാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്ായി നിയമിതനായ എസ്.വിനോദ്, കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെപിസിസി നിയോഗിച്ച കെ.ഗുരുവായൂരപ്പൻ.

എ ഗ്രൂപ്പിൽ അമർഷം;പ്രതിപക്ഷ പ്രവർത്തനം ഒറ്റയ്ക്ക് നടത്തുമെന്ന് അണികൾ

പാലക്കാട് ∙ നെന്മാറ, കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കു പുതിയ പ്രസിഡന്റുമാരെ കെപിസിസി പ്രഖ്യാപിച്ചതോടെ ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനം പൂർത്തിയായി. യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.വിനോദാണു നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ. കെ.ഗുരുവായൂരപ്പനാണു കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷൻ. നെന്മാറ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനം വേണമെന്ന് എ ഗ്രൂപ്പും സുധാകര പക്ഷക്കാരും ഒരുപോലെ നിലപാട് കടുപ്പിച്ചതോടെയാണു പ്രഖ്യാപനം വൈകിയത്.

അതേസമയം, പുനഃസംഘടനയിൽ എ ഗ്രൂപ്പിനോട് ക്രൂരമായ വിവേചനവും അവഗണനയും കാണിച്ചുവെന്ന് അണികൾ പറയുന്നു. അർഹതപ്പെട്ട പല സ്ഥലങ്ങളിലെയും പ്രസിഡന്റ് സ്ഥാനം പിടിച്ചുവാങ്ങി. ഇങ്ങനെയെങ്കിൽ സർക്കാരിനെതിരായ സമരങ്ങളും മറ്റും നിലവിലെ കമ്മിറ്റികളോട് സഹകരിക്കാതെ ഒറ്റയ്ക്കു നടത്തുന്ന കാര്യം ആലോചിക്കണമെന്ന് പ്രവർത്തകർ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചു. ജില്ലയിൽ ഗ്രൂപ്പിനോട് കാണിച്ച അവഗണന ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ ജില്ലയിലെ നേതാക്കൾ അറിയിച്ചിട്ടുണ്ട്. നെന്മാറ, തൃത്താല, പട്ടാമ്പി ബ്ലോക്കുകളിൽ മാനദണ്ഡവിരുദ്ധമായാണ് പ്രസിഡന്റുമാരെ വച്ചതെന്ന് എ ഗ്രൂപ്പ് പറയുന്നു.

നിയോജകമണ്ഡലം സമ്മേളനം നടത്തിയില്ലെന്ന പേരിൽ യൂത്ത് കോൺഗ്രസിൽ നടപടി നേരിട്ട വിനോദിനെ ബ്ലോക്ക് പ്രസിഡന്റാക്കിയതിൽ എ ഗ്രൂപ്പിനു കടുത്ത അമർഷമുണ്ട്. ഭൂരിഭാഗം മണ്ഡലം പ്രസിഡന്റുമാർക്കും ഈ അഭിപ്രായമാണെന്നും ഇവർ പറയുന്നു.  കെ.സുധാകര പക്ഷക്കാരനായാണു വിനോദ് അറിയപ്പെടുന്നത്. ഒറ്റപ്പേര് ജില്ലാ നേതൃത്വം നിർദേശിച്ചിട്ടും ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന കൊല്ലങ്കോട് എ ഗ്രൂപ്പിനു നൽകിയതിൽ ഐ ഗ്രൂപ്പിനകത്ത് അസംതൃപ്തിയുണ്ട്. ഒറ്റപ്പേരു നൽകിയ കൊല്ലങ്കോട് മാറ്റിയതു ജില്ലാ നേതൃത്വവുമായി കൂടിയാലോചിക്കാതെയാണെന്നും സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com