മുണ്ടൂർ ∙ മുണ്ടൂർ വഴുക്കപ്പാറ - പറളി - റൂട്ടിൽ മാലിന്യം തള്ളിയാൽ ഇനി പിടി വീഴും. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. വഴുക്കപ്പാറ വാതക ശ്മശാനത്തിന് സമീപം സ്ഥിരമായി പാതയുടെ ഇരുവശത്തുമായി വലിയ തോതിൽ മാലിന്യം തള്ളുന്നത് പതിവാണ്. ഇതു മൂലം ഇതു വഴി മൂക്കു പൊത്താതെ യാത്ര ചെയ്യാൻ കഴിയില്ല. ക്യാമറ പ്രവർത്തന സജ്ജമായതോടെ നാടിനെ കുപ്പത്തൊട്ടിയാക്കുന്നതിന് അറുതിയാകും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. നാട്ടുകാരുടെ സഹകരണത്തോടെ 10ാം വാർഡ് കമ്മിറ്റിയാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞ മാസം ജനകീയ കൂട്ടായ്മയിൽ ഇവിടെ പൂർണമായും ശുചീകരിച്ചിരുന്നു.
പക്ഷേ, മാലിന്യം തള്ളൽ വീണ്ടും തുടർന്നു. ഇതോടെ ക്യാമറ മിഴി തുറന്നത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്തംഗം വി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സുലോചന ഭാസ്കർ, പി.ആർ അപ്പുക്കുട്ടൻ, പി.വി.രാജൻ, എൻ.സ്വാമിനാഥൻ, കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.