ചൂലനൂരിലെത്തുന്ന സഞ്ചാരികൾക്ക് ട്രെക്കിങ് റോഡ് ഒരുക്കണം
Mail This Article
പെരിങ്ങോട്ടുകുറിശ്ശി∙ ചൂലനൂർ മയിൽ സങ്കേതത്തിലെത്തുന്ന സന്ദർശകർക്കു ട്രെക്കിങ്ങിനുള്ള റോഡ് നവീകരിക്കാൻ നടപടി വേണമെന്നു നാട്ടുകാർ. വിനോദ സഞ്ചാരികൾക്കു വാച്ച് ടവർ ഉൾപ്പെടെ വനത്തിനകത്തേക്കു പ്രവേശിക്കുന്നതിനു മൂന്നു റോഡുകളാണ് ഇപ്പോഴുള്ളത്. ഒരു കിലോമീറ്ററോളം വരുന്ന മൺപാതകൾ വർഷംതോറും നവീകരിക്കുക പതിവാണ്. ഇപ്പോൾ മൂന്നു വർഷമായി അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നാണു പരാതി. പാതയുടെ ഇരുഭാഗത്തെയും മണ്ണു കുത്തിയൊഴുകി വാഹനത്തിന് അകത്തേക്കു പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
പ്രകൃതി പഠനത്തിനെത്തുന്ന ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു ട്രെക്കിങ് പഠനത്തിന്റെ ഭാഗമാണ്. അടുത്ത ദിവസം തന്നെ പ്രകൃതി പഠന ക്ലാസുകൾ ഇവിടെ തുടങ്ങാനാണു തീരുമാനം. മയിൽ സങ്കേതത്തെക്കുറിച്ചു കൂടുതൽ അറിയാനും വിവിധയിനം സസ്യങ്ങൾ, മൃഗസമ്പത്ത് എന്നിവ മനസ്സിലാക്കാനും വാച്ച് ടവർ വരെയെങ്കിലും സന്ദർശനം അനിവാര്യമാണ്.