കരൾ രോഗിയായ ബസ് യാത്രക്കാരനെ ബസിൽ നിന്ന് വലിച്ചിറക്കി ആക്രമിച്ചു
Mail This Article
മണ്ണാർക്കാട്∙ കോട്ടോപ്പാടം വേങ്ങയ്ക്കു സമീപം കരൾ രോഗിയായ ബസ് യാത്രക്കാരനെ ഒരു സംഘം ബസിൽ നിന്ന് വലിച്ചിറക്കി ആക്രമിച്ചു. പരുക്കേറ്റ അരക്കുപറമ്പ് തെക്കുംപുറത്ത് ഇസഹാഖിനെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് ചിറ്റൂരിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഇസഹാഖ്.ബസ് വേങ്ങ ഭാഗത്ത് എത്തിയപ്പോൾ മറ്റൊരു ബസിനു കുറുകെ കാർ നിർത്തി തടഞ്ഞ് ഒരു സംഘം ബഹളം വയ്ക്കുകയായിരുന്നു. കാർ കുറുകെ നിർത്തിയതിനാൽ ചിറ്റൂർ ബസിനു പോകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ആ ബസിലെ ഡ്രൈവർ ഹോൺ മുഴക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ അക്രമി സംഘം ഡ്രൈവറെ വലിച്ചിറക്കി. ബസിന്റെ വാതിലിനടുത്തു നിന്നിരുന്ന ഇസഹാഖിനേയും സംഘാംഗങ്ങൾ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
കയ്യിൽ ഫോൺ ഉണ്ടായിരുന്നതിനാൽ വിഡിയോ എടുക്കുകയാണോ എന്നും ബസ് ജീവനക്കാരനോണോ എന്നും ചോദിച്ചാണ് ആക്രമിച്ചതെന്ന് ഇസഹാഖ് പറഞ്ഞു. വിഡിയോ എടുത്തിട്ടില്ലെന്നു പറഞ്ഞെങ്കിലും മർദനം തുടർന്നു. മർദനത്തിൽ രണ്ട് പല്ല് പൊട്ടുകയും വാരിയെല്ലിനും മുഖത്തും ക്ഷതമേൽക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ അടുത്ത മാസം കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാവാനിരിക്കുകയാണ് ഇസഹാഖ്. ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഇസഹാഖിന്റെ മൊഴിയിൽ പൊലീസ് കേസ് എടുത്തു. അതേസമയം ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.