കൃഷി നശിപ്പിക്കൽ ഹരമാക്കി കാട്ടാനക്കൂട്ടം; തടഞ്ഞില്ലെങ്കിൽ പ്രക്ഷോഭത്തിനു കർഷകർ

HIGHLIGHTS
  • ആനകളിറങ്ങിയതു വനം വകുപ്പിന്റെ സൗരവേലി തകർത്ത്
palakkad-wild-elephant
മുതലമട കള്ളിയമ്പാറ വേലാങ്കാട്ടിനടുത്തു സൗരവേലി തകർക്കാനായി കാട്ടാന മാവ് വേലിയിലേക്കു തള്ളിയിട്ടിരിക്കുന്നു.
SHARE

കൊല്ലങ്കോട് ∙ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നതു തടയാൻ നടപടിയില്ല; കർഷകർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. എലവഞ്ചേരി പന്നിക്കോലിൽ മഹാദേവന്റെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി 3 തെങ്ങുകളും 15 വാഴകളും നശിപ്പിച്ചു. മുതലമട കള്ളിയമ്പാറ വേലാങ്കാട്ടിൽ വാസുദേവൻ, സന്തോഷ് എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന 5 തെങ്ങുകളും മാവുകളും നശിപ്പിച്ചു. വനം വകുപ്പിന്റെ സൗരവേലിക്കു മേലെ മാവ് തള്ളിയിട്ടു വേലി തകർത്താണ് ഇവിടേക്കു കാട്ടാനയിറങ്ങിയത്. വനം വകുപ്പിന്റെ ശ്രമഫലമായി ഇരു ഭാഗത്തെയും ആനകളെ കാടു കയറ്റിയിട്ടുണ്ട്. ചള്ളപ്പൊറ്റ, കൊളുമ്പ് ഭാഗത്തേക്കു നീങ്ങിയ കാട്ടാനക്കൂട്ടം ചള്ളപ്പൊറ്റ ഭാഗത്തും കൃഷിയിടത്തേക്ക് ഇറങ്ങിയിരുന്നു. കൊളുമ്പ് ഭാഗത്തു കഴിഞ്ഞ ദിവസം ഇറങ്ങിയ ആനകൾ വാഴകൾ നശിപ്പിച്ചിരുന്നു. 

palakkad-forest
എലവഞ്ചേരി പന്നിക്കോലിൽ കാട്ടാനയിറങ്ങിനശിപ്പിച്ച തെങ്ങ്.

ഒരാഴ്ച മുൻപു ജനവാസ മേഖലയായ തേക്കിൻചിറ ഭാഗത്തെത്തിയ 7 ആനകൾ വരുന്ന കാട്ടാനക്കൂട്ടം ടി.സഹദേവന്റെ കൃഷിയിടത്തിൽ രണ്ടു ദിവസങ്ങളിലായി നൂറ്റിമുപ്പതോളം തെങ്ങുകൾ നശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ ടി.വിശ്വനാഥന്റെ കൃഷിയിടത്തിലും പത്തോളം തെങ്ങുകൾ നശിപ്പിച്ചിട്ടുണ്ട്. അതേ ആനക്കൂട്ടം പിരിഞ്ഞാണ് എലവഞ്ചേരി ഭാഗത്തേക്കു നീങ്ങിയത്. എലവഞ്ചേരിയിൽ കൃഷിനാശമുണ്ടായ പ്രദേശം പഞ്ചായത്ത് അധ്യക്ഷൻ കെ.മണികണ്ഠൻ, കൊല്ലങ്കോട് വനം റേഞ്ച് ഓഫിസർ കെ.പ്രമോദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്.മണിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. 

കർഷകർ സമരത്തിലേക്ക്

കാട്ടാനകൾ ജനവാസ മേഖലയിൽ പോലും എത്തി കൃഷി നശിപ്പിച്ചിട്ടും തടയാൻ നടപടിയുണ്ടാകാത്തതിനാൽ കർഷകർ അമർഷത്തിലാണ്. ആനകൾ കാടിറങ്ങുന്നതു തടയാൻ തൂക്കുവേലിയും കിടങ്ങും നിർമിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വനം ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർക്കു നിവേദനം നൽകിയിരുന്നു. മുതലമട പഞ്ചായത്തിലെ ചെമ്മണാംപതി മുതൽ എലവഞ്ചേരി വരെയുള്ള പ്രദേശത്തു ജനവാസ മേഖലയിൽ ഉൾപ്പെടെ കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതു തങ്ങളുടെ ജീവനും ഭീഷണി ഉയർത്തുന്നതായി കർഷകർ പറയുന്നു.

ത്രിതല പഞ്ചായത്തുകൾ ഒരു കോടിയോളം രൂപ വകയിരുത്തിയിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞു തൂക്കുവേലിയും കിടങ്ങും നിർമിക്കുന്നതിൽ അലംഭാവം കാണിക്കുകയാണെന്നും കർഷകർക്ക് ആരോപണമുണ്ട്. ഈ സ്ഥിതി തുടർന്നാൽ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാനാണു കർഷക സംഘടനകളുടെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS