പാലക്കാട് ∙ വിന്റേജ് വാഹനങ്ങൾ ഉൾപ്പെടെ 1994നു മുൻപ് പുറത്തിറങ്ങിയ നാലുചക്ര വാഹനങ്ങൾക്കു സീറ്റ് ബെൽറ്റ് ഇല്ലെന്നു എഐ ക്യാമറകൾ കണ്ടെത്തിയാലും നോട്ടിസ് അയയ്ക്കില്ലെന്നു ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് അറിയിച്ചു. ഗതാഗത നിയമലംഘനം ക്യാമറയിൽ പതിഞ്ഞാലും കൺട്രോൾ റൂമിൽ പരിശോധിച്ച ശേഷം മാത്രമാണു നോട്ടിസ് അയയ്ക്കുക. ഈ അവസരത്തിൽ ഇത്തരം വാഹനങ്ങളെ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മറ്റു നിയമ ലംഘനം കണ്ടെത്തിയാൽ നോട്ടിസ് അയയ്ക്കും. പിഴ നോട്ടിസ് ലഭിച്ചവരിൽ പരാതിയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു പരാതി നൽകാമെന്നും എസ്.ശ്രീജിത്ത് അറിയിച്ചുഈ പ്രശ്നം ഉന്നയിച്ചു വിന്റേജ് കാർ ഉടമകളുടെ സംഘടനകൾ ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.തുടർന്നാണു നടപടി. 1994നു മുൻപ് ഇറങ്ങിയ വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ കഴിയില്ലെന്നാണു വാഹന ഉടമകൾ പറയുന്നത്. ഇത്തരം വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കേണ്ടെന്നും മോട്ടർ വാഹന ആക്ടിൽ പറയുന്നതായും ഇവർ അറിയിച്ചു.